ഡെമോക്രാറ്റുകള്‍ തോറ്റതിന് പുറത്തുള്ളവരെ കുറ്റം പറയുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്ന് പുടിന്
ലണ്ടന്‍: യു.എസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ഡെമോക്രാറ്റുകള്‍ പുറത്തുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്.
''ഡെമോക്രാറ്റിക് പാര്‍ട്ടിയും യു.എസ് അധികാരികളും അവരുടെ പരാജയത്തെ പുറത്തുള്ളവര്‍ക്കു മേല്‍ കെട്ടിവയ്ക്കുകയാണ്. അവര്‍ക്ക് എല്ലായിടവും നഷ്ടപ്പെട്ടിരിക്കുന്നു, കുറ്റപ്പെടുത്താന്‍ വേണ്ടി പുറത്തെ ഘടകങ്ങളെ തേടുകയാണ്. ഇത് അന്തസ്സിനു ചേര്‍ന്നതല്ല''- പുടിന് പറഞ്ഞു.
തങ്ങളൊഴികെ ആരും ട്രംപ് വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പുടിന് പറഞ്ഞു.
യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന തരത്തിലുള്ള എല്ലാ ആരോപണങ്ങളെയും പുടിന് തള്ളിക്കളഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണിന്റെ പരാജയത്തിനു കാരണം റഷ്യയുടെ ഇടപെടലാണെന്നാണ് ആരോപണം. വോട്ടെടുപ്പിനു മുന്‍പ് ഡെമോക്രാറ്റുകളുടെ സെര്‍വര്‍ റഷ്യ ഹാക്ക് ചെയ്തെന്നും ഹിലരിയുടെ ഇ മെയിലുകള്‍ പുറത്തുവിട്ടത് അവരാണെന്നും ആരോപണമുണ്ടായിരുന്നു. ഫലം വന്നതിനുശേഷം ഇതു സാധൂകരിക്കുന്ന രീതിയില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ടും പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."