ഏഴു ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍
മഞ്ചേരി: കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോയ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതികള്‍ മഞ്ചേരി പൊലിസിന്റെ പിടിയില്‍. എറണാകുളം പറവൂര്‍ സ്വദേശികളായ കല്ലൂര്‍ വീട്ടില്‍ ബിബീഷ് (36), പഴംപള്ളിവീട്ടില്‍ സിനോഷ് (30) എന്നിവരാണ് പിടിയിലായത്.
തൊള്ളറമ്മല്‍ അബ്ദുസ്സലാം എന്നയാള്‍ ജ്വല്ലറിയിലേക്കു കൊണ്ടുപോയിരുന്ന ഏഴുലക്ഷം രൂപയാണ് 2011 ഓഗസ്റ്റ് മൂന്നിന് അരീക്കോട് കീഴുപറമ്പില്‍വച്ചു പ്രതികള്‍ കവര്‍ന്നത്. ഇന്നോവയിലെത്തിയ പ്രതികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇയാളെ ഇന്നോവയില്‍ കയറ്റി മര്‍ദിക്കുകയും പിന്നീട് പണം കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു.
പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കോട്ടക്കലില്‍വച്ച് പൊലിസ് തടഞ്ഞെങ്കിലും പൊലിസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നു വാഹനം ഓടിച്ച തൃശൂര്‍ പൂന്തോള്‍ അരീകാട്ടില്‍ ബൈജു, വടകര ബിനോയ്, വേങ്ങര എട്ടുവീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടെ ഇവര്‍ക്കു സഹായം നല്‍കിയ 15 പേരെ പൊലിസ് പിടികൂടിയിരുന്നു. നിസാമുദ്ദീന് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ സമാനമായ സംഭവങ്ങള്‍ക്ക് കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ ബിജു, എസ്.ഐ കൈലാസ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ക്രൈം സ്‌കോഡ് അംഗങ്ങളായ പി. സഞ്ജീവ്, സലീം, ജോഷി, സുബൈര്‍, വാരിസ്, യൂനുസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."