നിര്‍ദിഷ്ട മലപ്പുറം മില്‍മ പ്ലാന്റിന്റെ പ്രതിദിന ശേഷി ഒരു ലക്ഷം ലിറ്റര്‍ പാക്കറ്റ് പാല്‍
മലപ്പുറം: നിര്‍ദിഷ്ട മലപ്പുറം മില്‍മ ഡയറി പ്ലാന്റിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പാസ്ചുറൈസ് ചെയ്ത് പാക്കറ്റുകളാക്കാനുള്ള ശേഷി. 60 കോടി രൂപയാണ് മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന്റെ പദ്ധതിച്ചെലവ്.
മൂര്‍ക്കനാട് പൊട്ടിക്കുഴി എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള 12.4 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് പണിയുന്നത്. നിലവില്‍ ജില്ലയില്‍ വിതരണം ചെയ്യുന്ന പാലും പാല്‍ ഉല്‍പന്നങ്ങളും വയനാട്, പാലക്കാട്, കോഴിക്കോട് പ്ലാന്റുകളില്‍നിന്നാണ് എത്തുന്നത്. മലപ്പുറം ഡെയറി പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി ഇതു പൂര്‍ണമായും ജില്ലയില്‍തന്നെ ഉല്‍പാദിപ്പിച്ചു സംഭരിച്ചു സംസ്‌ക്കരിച്ചു വിപണനം നടത്തുന്നതിന് സാധ്യമാകും. 2020ല്‍ ഡയറി പ്ലാന്റിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മലപ്പുറം ജില്ലയിലെയും പാലക്കാട് ജില്ലയിലെ സമീപപ്രദേശത്തുനിന്നുമുള്ള പാല്‍ ഈ പ്ലാന്റില്‍ സംഭരിക്കാനാണ് പദ്ധതി. ക്ഷീരസംഘങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രാദേശിക ബള്‍ക്ക് മില്‍ക്ക് കൂളറുകളില്‍ ശീതീകരിച്ച് ഇന്‍സുലേറ്റഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കറുകളിലായിരിക്കും പാല്‍ പ്ലാന്റില്‍ എത്തിക്കുക.
അധികമുള്ള പാല്‍, നെയ്യ്, തൈര്, സംഭാരം, വെണ്ണ മുതലായ ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സൗകര്യം പ്ലാന്റിലുണ്ടാകും. 60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ചുറ്റുമതില്‍, അപ്രോച്ച് റോഡ്, ഫാക്ടറി കോംപൗണ്ടിനകത്തുള്ള റോഡുകള്‍ മുതലായവ നിര്‍മിക്കും. രണ്ടാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ.
പ്രധാന ഫാക്ടറി കെട്ടിടം, ഓഫിസ് കാന്റീന്‍, ജോലിക്കാരുടെ വിശ്രമ മന്ദിരം, ഐസ് പ്ലാന്റ് കെട്ടിടം, ബോയിലര്‍ ഹൗസ്, മലിനജല സംസ്‌കരണ പ്ലാന്റ് മുതലായവ നിലവില്‍ വരും.
മൂന്നാംഘട്ടത്തിലായിരിക്കും യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുക. മുപ്പതിനു വൈകിട്ട് മൂന്നിനു വനം, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ശിലാസ്ഥാപനം നടത്തും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."