ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം; മൂന്നു മേഖലാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ജലീല്‍
നിലമ്പൂര്‍: ഭിന്നശേഷിക്കാരുടെ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു മൂന്നിടത്തു മേഖലാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. നിലമ്പൂര്‍ നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുകൊച്ചി, മലബാര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എണ്‍പതിനായിരത്തോളം ഭിന്നശേഷിക്കാരുണ്ട്. ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്നതിനും സര്‍ക്കാര്‍ പാക്കേജ് നടപ്പാക്കുന്നുണ്ട്. നിരന്തരമായ പരിശീലനം നല്‍കിയാല്‍ അവരുടെ കഴിവുകള്‍ സമൂഹത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും സംസ്ഥാനതലത്തില്‍തന്നെ കുടുംബശ്രീ-അയല്‍ക്കൂട്ടം സഹായത്തോടെ അവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ബ്ലോക്കടിസ്ഥാനത്തിലും ഒരു പരിശീലന കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന നൂതന പദ്ധതികള്‍ക്കു തടസമില്ലാകെ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസസഭ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. ഗോപിനാഥ്, പലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്‍, മുംതാസ് ബാബു, ഷേര്‍ളിമോള്‍, കൗണ്‍സിലര്‍മാരായ പി.എം ബഷീര്‍, എന്‍. വേലുക്കുട്ടി, മേളൂര്‍ മഠത്തില്‍ ഗിരീഷ്, സമീറ അസീസ്, പാലൊളി മെബഹൂബ്, മുസ്തഫ കളത്തുംപടിക്കല്‍, അരുമ ജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, പ്രധാനധ്യാപകന്‍ കൃഷ്ണദാസ്, പിടിഎ പ്രസിഡന്റ് ഹബീബ്, ടി. തോമസ്, ഷഹനാസ് ബീഗം സംസാരിച്ചു.
വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 105 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സംഗമത്തിന്റെ മുന്നോടിയായി പ്രത്യേക വാര്‍ഡ്‌സഭാ യോഗങ്ങളും നടന്നു. ഇന്‍ഹാസ് കോഡിനേറ്റര്‍ കെ.എം ബഷീറും അഡ്വ. ജ്ഞാനദാസും ക്ലാസെടുത്തു. ചെറുകോട് കെ.എം.എം.എ.യു.പി സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച 'വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങള്‍' എന്ന ഡോക്യുമെന്ററി പ്രകാശനവും നടന്നു. രക്ഷിതാക്കള്‍ മന്ത്രി കെ.ടി ജലീലിന് നിവേദനം നല്‍കി. സംഗമത്തിന്റെ ഭാഗമായി നടന്ന മെഡിക്കല്‍ ക്യാംപും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."