ഈ തിരക്കഥകളില്‍ ഏത് വിശ്വസിക്കണം
2006 ഒക്‌ടോബര്‍ 22
നോമ്പിന്റെ പുണ്യം പെയ്തിറങ്ങുന്ന പുലര്‍കാലം. സൈക്കിളില്‍ പത്രവിതരണത്തിനിറങ്ങിയ തലശ്ശേരി സെയ്ദാര്‍ പള്ളിയ്ക്കു സമീപത്തെ മുഹമ്മദ് ഫസലിന്റെ കഴുത്തില്‍ ഇരുളിന്റെ മറവില്‍ ഒരു സംഘം കഠാര കുത്തിയിറക്കി. കുതറിയോടിയ ഫസല്‍ സമീപത്തെ ഒരു വീടിന്റെ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചു. പിറകില്‍ നിന്നും വലിച്ചുതാഴെയിട്ട അക്രമിസംഘം റോഡിന്റെ ഇരുള്‍ വീണിടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നെ കൊടുവാള്‍ കൊണ്ടു വെട്ടിക്കൊലപ്പെടുത്തി.
കൊല നടന്നിട്ട് പിന്നിട്ടത് 10 വര്‍ഷം. കൊല നടക്കുമ്പോള്‍ അധികാരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും. അന്വേഷിച്ചത് കേരളാ പൊലിസിന്റെ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള അരഡസനോളം അന്വേഷണ സംഘങ്ങള്‍. പിന്നീട് അന്വേഷണം സി.ബി.ഐക്ക്. കേരളാ പൊലിസിന്റെയും സി.ബി.ഐയുടെയും അന്വേഷണങ്ങളില്‍ കണ്ടെത്തിയത് ഒന്നുതന്നെ. കൊലയാളികള്‍ സി.പി.എം പ്രവര്‍ത്തകര്‍.
കേരളാ പൊലിസിനു പ്രതികളെ കണ്ടെത്താനായില്ലെങ്കിലും സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി, പ്രതികള്‍ കൊടി സുനി മുതല്‍ കാരായി രാജന്‍ വരെയുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും.
എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷം സി.പി.എം വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ പൊലിസ് പറയുന്നു. കൊല നടത്തിയത് ആര്‍.എസ്.എസാണെന്ന്.
എന്തുകൊണ്ട് പത്തു വര്‍ഷത്തിനു ശേഷമുള്ള ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി വേണ്ടിവരുന്നു ഒരു കൊലയുടെ ചുരുളഴിക്കാന്‍? ഇത്ര ദുര്‍ബലമാണോ കേരളാ പൊലിസിന്റെ അന്വേഷണ ഏജന്‍സികള്‍?
ഒരു കൊല; രണ്ടു
കൊലയാളി സംഘങ്ങള്‍!
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസാണിത്. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ടും ദുരൂഹതകളുടെ ചുരുളുകള്‍ ഏറുകയാണോ?
സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2016 നവംബര്‍ 20നു പുതിയ വെളിപ്പെടുത്തലുണ്ടായതാണ് കേസിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഒരു ആര്‍.എസ്.എസ് പ്രാചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍.എസ്.എസ് നേതാക്കളായ ശശി, മനോജ്, സുബീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിനു പിന്നിലെന്നാണ് പൊലിസിന്റെ പുതിയ ഭാഷ്യം. മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലിസിന്റെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതൊരു വ്യാജവാര്‍ത്തയാണെന്നു ചൂണ്ടിക്കാട്ടി സുബീഷ് വാര്‍ത്ത നല്‍കിയ ചാനലിനെതിരേ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
ദുരൂഹത തുടങ്ങുന്നത് പൊലിസിന്റെ
അന്വേഷണ വഴിയിലൂടെ
തലശ്ശേരി സി.ഐ സുകുമാരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിറ്റേന്നു തന്നെ ചുമതല ഡിവൈ.എസ്.പി രാധാകൃഷ്ണന്‍ ഏറ്റെടുത്തു. 15 ദിവസത്തിനു ശേഷം രാധാകൃഷ്ണനെ അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കി. പിന്നീടു കേസന്വേഷിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലി. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു പറഞ്ഞ് ഫസലിന്റെ ഭാര്യ സി.എച്ച് മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോള്‍ അന്വേഷണം എസ്.പി മോഹന്‍ദാസിന്റെ കീഴിലുള്ള സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. മൂന്നു മാസത്തിനുശേഷം മറിയു വീണ്ടും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും ആ നിര്‍ദേശപ്രകാരം 2008 ഏപ്രില്‍ അഞ്ചിനു സി.ബി.ഐ ഏറ്റെടുക്കുകയുമായിരുന്നു.
ഇനി അന്വേഷണ
ഏജന്‍സികളുടെ തിരക്കഥകള്‍
ഗോപാലപേട്ട സി.പി.എം ബ്രാഞ്ച് അംഗവും സി.പി.എം നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിന്റെ രാഷ്ട്രീയ വിരോധമാണ് കൊലയ്ക്കു കാരണം.
1995നു ശേഷം ഖുര്‍ആന്‍ ക്ലാസുകളും നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സൗജന്യ ട്യൂഷനും നല്‍കിയിരുന്ന ഫസല്‍ ന്യൂനപക്ഷങ്ങളെ ധാരാളമായി എന്‍.ഡി.എഫിലേക്കു ആകര്‍ഷിച്ചു. ഇതു ഫസലിനെ വധിക്കാന്‍ കാരണമായെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
(2006 ഒക്‌ടോബര്‍ 22ന് തയാറാക്കിയ
ആദ്യ പൊലിസ് എഫ്.ഐ.ആര്‍)
സി.ബി.ഐ കുറ്റപത്രം:
കൊല സി.പി.എം ഗൂഢാലോചന;
കാരായിമാരും പ്രതികള്‍
ഫസലിന്റെ കൊലയ്ക്കു പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചന. 2006 മെയ് മാസത്തിലാണ് ഫസലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത്. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫിന്റെ പിന്തുണ തേടാന്‍ സി.പി.എം നിര്‍ബന്ധിതമാവുന്ന സാഹചര്യം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികളായ നേതാക്കള്‍ ശ്രമിച്ചു. സി.പി.എം വിട്ട് ആര്‍.എസ്.എസില്‍ ചേര്‍ന്ന അശോകന്റെ അടുത്ത ബന്ധുവായ മണ്ഡലം കാര്യവാഹകിന്റെ വീടിനു സമീപം ഫസലിന്റെ രക്തംപുരണ്ട തൂവാലയിട്ടത് അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടിയായിരുന്നു. സി.പി.എം നേതാക്കള്‍ കൊലപാതകികള്‍ക്ക് ഒളിസങ്കേതം ഒരുക്കി. മൈസൂരിലേക്ക് ഉല്ലാസയാത്ര നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തു. കൊലപാതകത്തിനു ദൃക്‌സാക്ഷിയായ വീട്ടമ്മ സമീറയ്ക്ക് സി.പി.എം നേതാക്കള്‍ പണം വാഗ്ദാനം ചെയ്തു. കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷാജി(കുട്ടപ്പന്‍)യെ സി.പി.എം നേതൃത്വം സമീപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. സി.പി.എം പ്രവര്‍ത്തകനായിരിക്കെയുള്ള പരിചയവും ബന്ധവും ദുരുപയോഗിച്ചാണ് ഷാജിയെ പാര്‍ട്ടി നേതാക്കള്‍ സമീപിച്ചത്. പാര്‍ട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.
(2012 ജൂണ്‍ 12നാണ് സി.ബി.ഐ എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്)
ഇപ്പോള്‍ പൊലിസ് പറയുന്നു;
പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ്
സി.പി.എം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഫസല്‍ വധക്കേസില്‍ പങ്കില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വധത്തിനു പിന്നില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സ്വദേശി സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ മൊഴി ലഭിച്ചത്. സി.പി.എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണു സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു ആര്‍.എസ്.എസ് പ്രാചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍.എസ്.എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിനു പിന്നിലെന്നാണ് സുബീഷിന്റെ മൊഴി. മൊഴിയുടെ ശബ്ദരേഖയും വിഡിയോയും അടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി, ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
(2016 ഒക്‌ടോബര്‍ 21ന്് പുറത്തുവിട്ട വിവരം)
അറിയണം, ആരാണ് കൊലയാളികള്‍
ആരാണ് ഫസലിനെ ഇരുളിന്റെ മറവില്‍ കൊലപ്പെടുത്തിയത്. 10 വര്‍ഷമായി ഉത്തരം തേടുന്ന ചോദ്യമാണിത്്. ഫസല്‍ കൊല്ലപ്പെട്ടു.
എന്നാല്‍ ആരാണ് യഥാര്‍ഥ കൊലയാളികള്‍...? പുനരന്വേഷണം ആവശ്യമില്ലെന്നാണ് ഫസല്‍ പ്രതിനിധാനം ചെയ്ത പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ പറയുന്നതെങ്കിലും സുബീഷ് വെളിപ്പെടുത്തി എന്നു പറയുന്നത് സത്യമെങ്കില്‍ കേസിന്റെ തുടര്‍ഗതികള്‍ക്ക് നിര്‍ണായകമായിരിക്കുമിത്. അതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയും സംസ്ഥാന സര്‍ക്കാരും എടുക്കുന്ന നിലപാട് നിര്‍ണായകമാകും. എന്നാല്‍ പൊലിസിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ സി.ബി.ഐയുടെ നിലപാട് എന്തായിരിക്കുമെന്നതും ശ്രദ്ധേയമായിരിക്കും.
സി.പി.എം നേരത്തെ പറഞ്ഞു,
ഇപ്പോഴും ആവര്‍ത്തിക്കുന്നു
'ഞങ്ങളല്ല കൊന്നത്'
സുബീഷിന്റെ മൊഴി പൊലിസ് പുറത്തുവിടുന്നതിനു മുന്‍പു തന്നെ സി.പി.എം പറഞ്ഞിരുന്നു, ആര്‍.എസ്.എസാണ് കൊല നടത്തിയതെന്ന്. എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് തെളിവു നല്‍കാനൊന്നും പാര്‍ട്ടി തയാറായില്ല. ഇപ്പോള്‍ ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയ പശ്ചാത്തലത്തില്‍ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്തുവന്നിട്ടുണ്ട്.
സി.ബി.ഐക്ക് വിശ്വാസ്യത വേണമെങ്കില്‍ പുനരന്വേഷണം അനിവാര്യമാണെന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. സുബീഷിന്റെ കുറ്റസമ്മതമൊഴി പുറത്തുവന്നതോടെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ഭയപ്പാടിലാണ്. കാരായി രാജനെയും ചന്ദ്രശേഖരനെയും കുറ്റവിമുക്തരാക്കണം എന്നുമാണവരുടെ ആവശ്യം. ഫസല്‍വധം പുനരന്വേഷിക്കണമെന്നു സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. ഫസലിന്റെ കൊലപാതകികളായ ആര്‍.എസ്.എസുകാരെ രക്ഷപ്പെടുത്താനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഭയപ്പെടുത്തിയത് കൊണ്ടാണവര്‍ അങ്ങനെ പറയുന്നത്. എന്നാല്‍ ഹൈന്ദവ തീവ്രവാദികളെ ഇസ്‌ലാമിക തീവ്രവാദികള്‍ ന്യായീകരിക്കുന്ന വിചിത്ര അനുഭവമാണിതെന്നും ജയരാജന്‍ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും കേസില്‍ പ്രതികളായതോടെയാണ് ഏറെ രാഷ്ട്രീയ വിവാദങ്ങളിലേക്കു കേസ് നീണ്ടത്. ഇരുവരും എറണാകളും സി.ബി.ഐ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ 2013 നവംബര്‍ ഏഴിനു ജാമ്യം അനുവദിച്ചു.
ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചു. കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനുമായി. എന്നാല്‍ കണ്ണൂരില്‍ പോകാനുള്ള അനുമതി കോടതി നിഷേധിച്ചതോടെ ഇരുവരും അധ്യക്ഷ സ്ഥാനങ്ങള്‍ രാജിവച്ചു. മൂന്നു വര്‍ഷത്തിലേറെയായി എറണാകുളത്താണെങ്കിലും പാര്‍ട്ടി സ്ഥാനങ്ങള്‍ ഇരുവരും ഇപ്പോഴും തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."