ചെല്‍സി, റയല്‍, ബയേണ്‍, യുവന്റസ് ടീമുകള്‍ക്ക് ഹാപ്പി ക്രിസ്മസ്
ലണ്ടന്‍: പതിവു സമവാക്യങ്ങള്‍ തെറ്റിച്ചാണ് യൂറോപ്യന്‍ ലീഗുകള്‍ പാതിഭാഗം പിന്നിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കുതിപ്പ് തുടരുമ്പോള്‍ സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത മുന്നേറ്റത്തിനു വിരമാമിടാന്‍ ഇതുവരെ ബാഴ്‌സലോണയടക്കമുള്ള ടീമുകള്‍ക്ക് സാധിച്ചിട്ടില്ല. ജര്‍മന്‍ ബുണ്ടസ് ലീഗ, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങള്‍ ഇഞ്ചോടിഞ്ച് മുന്നേറുന്നു. പ്രീമിയര്‍ ലീഗിനേയും സ്പാനിഷ് ലീഗിനേയും അപേക്ഷിച്ച് ജര്‍മനിയിലും ഇറ്റലിയിലും ഫ്രാന്‍സിലും വമ്പന്‍മാര്‍ക്ക് ഭീഷണിയായി നിരവധി ടീമുകള്‍ രംഗത്തുണ്ട്. ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് ടീമുകള്‍ക്ക് ക്രിസ്മസ് ഹാപ്പിയായി തന്നെ ആഘോഷിക്കാം.
ചെല്‍സിയുടെ കുതിപ്പ്
ചാംപ്യന്‍മാരുടെ ലേബലില്‍ കഴിഞ്ഞ സീസണില്‍ കളിക്കാനിറങ്ങിയ ചെല്‍സിക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. തൊട്ടു മുന്‍പത്തെ സീസണില്‍ കിരീടത്തിലേക്ക് നയിച്ച മൗറീഞ്ഞോയെ പുറത്താക്കി ലീഗിന്റെ പാതിയില്‍ വച്ച് മുന്നേറാമെന്ന അവരുടെ മോഹം നടന്നതുമില്ല. ചാംപ്യന്‍സ് ലീഗിലേക്കോ യൂറോപ്പ ലീഗിലേക്കോ അവസരം നേടാനും സാധിക്കാതെയാണ് അവര്‍ക്ക് കഴിഞ്ഞ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നത്. യുവന്റസിനെ തുടര്‍ച്ചയായി മൂന്നു തവണ സീരി എ കിരീട വിജയത്തിലേക്ക് നയിച്ച അന്റോണിയോ കോണ്ടെയെ മോഹ വിലയ്ക്ക് പരിശീലകനായി നിയമിച്ച ചെല്‍സിക്ക് പിഴച്ചില്ലെന്നു ഫലങ്ങള്‍ മറുപടി നല്‍കുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 11 വിജയങ്ങള്‍ സ്വന്തമാക്കി ഒന്നാം സ്ഥാനത്തു നില്‍ക്കുകയാണ് കോണ്ടെയുടെ പരിശീലനത്തിലുള്ള ചെല്‍സി. ഇഷ്ട ശൈലിയായ 3-4-3ല്‍ ഒരു സംഘടിത രൂപം ടീമില്‍ സൃഷ്ടിക്കാന്‍ സാധിച്ചതാണ് കോണ്ടെയുടെ വിജയത്തിന്റെ മൂല കാരണം. ഡീഗോ കോസ്റ്റ ഫോമിലെത്തിയതും അവര്‍ക്ക് തുണയാകുന്നു. ഓസ്‌കാറിനെ പോലെ പ്രതിഭാധനനായ ഒരു താരത്തിനു നിലവിലെ ടീമില്‍ സ്ഥാനമില്ലെന്ന് പറയുമ്പോഴാണ് ടീമിന്റെ ആഴവും പരപ്പും വ്യക്തമാകുന്നത്. 17 മത്സരങ്ങളില്‍ നിന്നു 43 പോയിന്റുമായാണ് ചെല്‍സി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
സമാന കുതിപ്പാണ് ലിവര്‍പൂളും ലീഗില്‍ നടത്തുന്നത്. കഴിഞ്ഞ സീസണില്‍ ബ്രണ്ടന്‍ റോജേഴ്‌സിനു പകരം യുര്‍ഗന്‍ ക്ലോപിനെ പരിശീലകനായി എത്തിച്ച ലിവര്‍പൂള്‍ അദ്ദേഹത്തിനു മതിയായ അവസരം നല്‍കിയതോടെ അതിന്റെ ഗുണം ഇപ്പോള്‍ അനുഭവിക്കുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും മനോഹരമായി ഫുട്‌ബോള്‍ കളിക്കുന്ന ടീം ലിവര്‍പൂളാണ്. 37 പോയിന്റുകളുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്.
വര്‍ത്തമാന കാലത്തെ ഏറ്റവും തന്ത്രശാലിയായ പരിശീലകന്‍ പെപ് ഗെര്‍ഡിയോളയുടെ കോച്ചിങ് മികവില്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി തുടക്കത്തില്‍ ഒന്നാം സ്ഥാനത്ത് കുതിച്ച ടീമായിരുന്നു. പിന്നീട് താഴോട്ടു പോയി. വിജയത്തിന്റെ സ്ഥിരത കൈവിട്ട അവര്‍ക്ക് അഗ്യെറോയുടെ സസ്പന്‍ഷനും ഫോമിലെ ചാഞ്ചാട്ടവും വിനയായി മാറുന്നു. എങ്കിലും മൂന്നാം സ്ഥാനത്താണ് സിറ്റി നിലവില്‍ നില്‍ക്കുന്നത്.
ഒരിടയ്ക്ക് രണ്ടാം സ്ഥാനം വരെ എത്തിയ ആഴ്‌സണല്‍ പതിവു പോലെ ആദ്യ നാലിനുള്ളില്‍ സുരക്ഷിതമായി നില്‍ക്കുന്നു. നിലവില്‍ 34 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട് ഗണ്ണേഴ്‌സ്.
മൗറീഞ്ഞോയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതീക്ഷിച്ച മുന്നേറ്റം നടത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അസ്ഥിരതയാണ് നിലവിലെ അവരുടെ അവസ്ഥ. ഏതു വമ്പന്‍മാരേയും കീഴടക്കുന്ന അവര്‍ കുഞ്ഞന്‍ ടീമുകളോടു തോല്‍വി വഴങ്ങാനും മടിക്കാത്തവരായി മാറുന്നു. 30 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്. ലോകത്തിലെ ഏറ്റവും വില പിടിച്ച താരം പോള്‍ പോഗ്ബയെ കാണാന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. വെറ്ററന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് ഫോമിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ കാട്ടുന്നത് മൗറീഞ്ഞോയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി 15ാം സ്ഥാനത്താണ്. നാലു വിജയങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. ചാംപ്യന്‍സ് ലീഗിലെ മുന്നേറ്റമാണ് ചാംപ്യന്‍മാര്‍ക്ക് സീസണില്‍ ആശ്വാസം നല്‍കുന്ന ഏക ഘടകം.
റയലിനെ ആരു പിടിച്ചുകെട്ടും
സ്പാനിഷ് ലാ ലിഗയില്‍ പരാജയമറിയാതെ കുതിക്കുന്ന റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗിനു പിന്നാലെ ക്ലബ് ലോകകപ്പും നേടി മികവോടെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുന്നു. സിനദിന്‍ സിദാന്റെ കീഴില്‍ ടീം പ്രദര്‍ശിപ്പിക്കുന്ന ഒരുമയാണ് അവരെ വിജയത്തിലേക്ക് നയിക്കുന്നത്. നിലവില്‍ യൂറോപ്യന്‍ ലീഗുകളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീമും റയല്‍ തന്നെ. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 37 പോയിന്റുകളാണ് റയലിന്റെ സമ്പാദ്യം.
ബാഴ്‌സലോണ 34 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. സീസണില്‍ അപ്രതീക്ഷിതമായി രണ്ടു തോല്‍വികള്‍ നേരിട്ടതാണ് ബാഴ്‌സയ്ക്ക് വിനയായത്. സ്വന്തം തട്ടകത്തില്‍ നടന്ന എല്‍ ക്ലാസ്സിക്കോയില്‍ വിജയത്തിന്റെ വക്കില്‍ നിന്നു റയലുമായി സമനില പിടിക്കേണ്ടി വന്നതോടെ വിലപ്പെട്ട രണ്ടു പോയിന്റുകളും അവര്‍ക്ക് നഷ്മായി.
33 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 29 പോയിന്റുകള്‍ വീതമുള്ള വയ്യാറല്‍ നാലാമതും റയല്‍ സോസിഡാഡ് അഞ്ചാം സ്ഥാനത്തുമുണ്ട്. ഈ മൂന്നു ടീമുകളുടേയും മുന്നേറ്റമാണ് ലീഗിനെ ആവേശത്തില്‍ നിര്‍ത്തുന്നത്. അന്റോണിയോ ഗ്രിസ്മാന്റെ നിശബ്ദത അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചു. 28 പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്.
മുട്ടിടിച്ച് വമ്പന്‍മാര്‍
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ലെയ്പ്‌സിഗ്, ഹെര്‍ത ബര്‍ലിന്‍ ടീമുകളുടെ മുന്നേറ്റമാണ് ഇത്തവണ ശ്രദ്ധേയമായത്. പ്രത്യേകിച്ച് ലെയ്പ്‌സിഗിന്റെ. കഴിഞ്ഞ 15 മത്സരങ്ങളില്‍ 11ലും അവര്‍ വിജയം കണ്ടപ്പോള്‍ രണ്ടു തോല്‍വി മാത്രമാണ് നേരിട്ടത്. ബയേണിനെ പിന്തള്ളി അവര്‍ ഒരിടക്ക് ഒന്നാം സ്ഥാനം വരെയെത്തി. ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍ മാറി മാറി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന പതിവു രീതി ഇത്തവണ മാറി. ബയേണ്‍ തന്നെയാണ് ഒന്നാമത്. എങ്കിലും കഴിഞ്ഞ സീസണിലേതു പോലെ ബഹുദൂരം മുന്നില്‍ കുതിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ബയേണിനു 39 പോയിന്റാണെങ്കില്‍ രണ്ടാമതുള്ള ലെയ്പ്‌സിഗിനു 36 പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള ഹെര്‍തയ്ക്ക് 30 പോയിന്റും. 29 പോയിന്റുകളുമായി ഫ്രാങ്ക്ഫര്‍ട് നാലാമതും 28 പോയിന്റുമായി ഹോഫെന്‍ഹെയിം അഞ്ചാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് 27 പോയിന്റുമായി ആറാമതുണ്ട്. നിലവില്‍ ആരുടെയും നില സുരക്ഷിതമല്ലെന്നു ചുരുക്കം.
ഇറ്റാലിയന്‍ സീരി എയില്‍ ഇടവേളയ്ക്കു ശേഷം വമ്പന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. യുവന്റസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ റോമ രണ്ടാമതും നാപോളി മൂന്നാം സ്ഥാനത്തും ലാസിയോ നാലാമതും എ.സി മിലാന്‍ അഞ്ചാം സ്ഥാനത്തും അറ്റ്‌ലാന്റ ആറാമതും ഇന്റര്‍ മിലാന്‍ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 42 പോയിന്റുമായാണ് യുവന്റസ് കുതിക്കുന്നത്. ആദ്യത്തെ ആറു ടീമുകളും തമ്മില്‍ ചെറിയ പോയിന്റ് വ്യത്യാസം മാത്രമാണുള്ളത് എന്നിരിക്കേ ഓരോ മത്സര ഫലവും നിര്‍ണായകമാണ് സീരി എയില്‍.
ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പട്ട സീസണിന്റ പാതിയാണ് കടന്നു പോകുന്നത്. നീസിന്റെ കുതിപ്പാണ് പാരിസില്‍ അത്ഭുതമായി നില്‍ക്കുന്നത്. 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 ജയവും അഞ്ചു സമനിലയും ഓരേയൊരു തോല്‍വിയുമായി അവര്‍ 44 പോയിന്റോടെ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 42 പോയിന്റുമായി മൊണാക്കോ രണ്ടാമതും 39 പോയിന്റുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇടയ്ക്ക് മൊണാക്കോ ഒന്നാം സ്ഥാനത്ത് കയറിയതൊഴിച്ചാല്‍ നീസ് ഇത്തവണ ആ സ്ഥാനത്തു നിന്നു അധികം താഴെയിറങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."