യു.എ.പി.എ കേസുകള്‍ പുനരവലോകനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ നിയമപ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പുനരവലോകനം ചെയ്യും. ഇതിനകം കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്.
ഈ കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണോ യു.എ.പി.എ. ചുമത്തിയിട്ടുള്ളതെന്നകാര്യം പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെയാണ് അവലോകനം നടത്തുന്നത്. ഇതോടൊപ്പം, ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പുനഃപരിശോധന നടത്തുക. യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്താകെ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളുടെ വിശദവിവരങ്ങള്‍ തിങ്കളാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഡി.ജി.പി റെയ്ഞ്ച് ഐ.ജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച സമിതി യോഗം ചേരും. യു.എ.പി.എ നിലനില്‍ക്കില്ലെന്നു ബോധ്യപ്പെടുന്ന കേസുകളില്‍ കുറ്റം പിന്‍വലിക്കും. എഫ്.ഐ.ആര്‍ ചുമത്തപ്പെട്ട കേസുകളാണെങ്കില്‍ വിവരം കോടതിയെ അറിയിക്കാനുമാണു തീരുമാനം. നിലവിലുള്ള പല കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതോളം കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. യു.എ.പി.എ ചുമത്താന്‍ ജില്ലാ പൊലിസ് മേധാവിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ കേസുകളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 65 കേസുകള്‍ വേറെയുമുണ്ട്. ഇവയില്‍ കൂടുതലും തീവ്രവാദ ആരോപണങ്ങളില്‍ ചുമത്തപ്പെട്ടവയാണ്. 32 കേസുകള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മാത്രം എടുത്തവയാണ്. തീവ്രവാദകേസുകളില്‍ യു.എ.പി.എ ചുമത്താമെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."