ക്വാറി, ക്രഷര്‍ നിരോധനം: മുന്‍ കലക്ടറുടെ ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന്
കല്‍പ്പറ്റ: ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍പ്പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റംറോക്ക് എന്നിവിടങ്ങളില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം വിലക്കി 2016 ഓഗസ്റ്റ് രണ്ടിന് അന്നത്തെ ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ വി കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ വ്യത്യാസമോ ഭേദഗതിയോ വരുത്തിയിട്ടില്ലെന്ന് ഇപ്പോഴത്തെ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി. ഡിസംബര്‍ ഒന്നിനു പുറപ്പെടുവിച്ച സ്പഷ്ടീകരണ ഉത്തരവിലാണ് ഓഗസ്റ്റ് രണ്ടിലെ ഉത്തരവിലെ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്നത്.
ഈ ഉത്തരവിന്റെ പകര്‍പ്പ് ക്വാറി-ക്രഷര്‍ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ ഉപയോഗപ്പെടുത്തുന്നതിനു അഡ്വ. ജനറലിനു ലഭ്യമാക്കിയിട്ടുമുണ്ട്. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 3051 ലുള്ള ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലാണ് മുന്‍ കലക്ടര്‍ ഓഗസ്റ്റ് രണ്ടിലെ ഉത്തരവുകളില്‍ ഒന്നിലൂടെ ക്വാറി-ക്രഷര്‍ നിരോധനം ബാധകമാക്കിയത്. പിന്നീടുവന്ന കലക്ടര്‍ സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിലൂടെ ദൂരപരിധി 200 മീറ്ററായി കുറച്ചു. ഇത് വിവാദമായ സാഹചര്യത്തിലാണ് ഡിസംബര്‍ ഒന്നിനു സ്പഷ്ടീകരണ ഉത്തരവിറക്കിയത്.
ആറാട്ടുപാറയ്ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനങ്ങളും മറ്റും നിരോധിക്കുന്ന മുന്‍ ഉത്തരവിനു വിരുദ്ധമായി ദൂരപരിധി 200 മീറ്ററാക്കി കുറച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ നവംബര്‍ 26ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനു അപ്പീല്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പഷ്ടീകരണ ഉത്തരവ് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
ക്വാറി-ക്രഷര്‍ പ്രവര്‍ത്തനംമൂലമുള്ള പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സൈ്വര്യജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയാണ് ഓഗസ്റ്റ് രണ്ടിന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പാലനം ഉറപ്പുവരുത്തുന്നതിനു ഇതേ നിയമത്തിലെ സെക്ഷന്‍ 30(2) അഞ്ച് പ്രകാരം ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കി. 2015 ജൂണ്‍ 17ലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനത്തിനു വിധേയമായി ഓഗസ്റ്റ് രണ്ടിന് കലക്ടര്‍ ഒപ്പുവച്ച ഉത്തരവുകള്‍, അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കെ ദിവസങ്ങള്‍ക്കുശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പരസ്യപ്പെടുത്തിയത്. ആറാട്ടുപാറയോടു ചേര്‍ന്നുള്ള റവന്യൂ ക്വാറികളില്‍ ഏറെയും ഖനന വിലക്കില്‍നിന്നു ഒഴിവാകുന്ന വിധത്തിലായിരുന്നു സെപ്റ്റംബര്‍ എട്ടിലെ ഉത്തരവ്, അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 2981എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയിലും ഖനന നിരോധനം ബാധകമാക്കുന്ന ഈ ഉത്തരവ് ജനങ്ങളുടെ അറിവിലേക്ക് ജില്ലാ ഭരണകൂടം പരസ്യപ്പെടുത്തിയിരുന്നില്ല. ക്വാറി, ക്രഷര്‍ വിലക്കിനെതിരായ കേസില്‍ രേഖ എന്ന നിലയില്‍ ഹൈക്കോടതിയില്‍ എത്തിയതിന് ശേഷമാണ് സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെക്കുറിച്ച് ജനം അറിയുന്നത്.
ഡിസംബര്‍ ഒന്നിലെ ഉത്തരവും ജില്ലാ ഭരണകൂടം രഹസ്യമാക്കിവച്ചിരിക്കയാണ്. പരിസ്ഥിതിക്കും ഭൂപ്രകൃതിക്കും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ കൊളഗപ്പാറ, ആറാട്ടുപാറ, ഫാന്റംറോക്ക് എന്നിവിടങ്ങളിലും പരിസരങ്ങളിലും ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിയന്ത്രിക്കണണമെന്ന ആവശ്യം പരിസ്ഥിതി-സാംസ്‌കാരിക സംഘടനകള്‍ വളരെക്കാലമായി ഉന്നയിക്കുന്നതാണ്. ഇതിനിടെയായിരുന്നു ഓഗസ്റ്റ് രണ്ടിലെ ഉത്തരവ്. ഇതനുസരിച്ച് കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ നമ്പര്‍ 3491ലുള്ള കൊളഗപ്പാറയില്‍ 45.3426 ഹെക്ടര്‍ റവന്യൂ ഭൂമിയിലും ഇതിന്റെ അതിരുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവിലുമാണ് കരിങ്കല്‍ ഖനനത്തിനും ക്രഷറിനും വിലക്ക്.
ഇതേ വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ നമ്പര്‍ 5212ലുള്ള ഫാന്റം റോക്കിന്റെ 200 മീറ്റര്‍ പരിധിയില്‍ ഖനനത്തിനും ക്രഷറിനും പുറമേ പരിസ്ഥിതി സൗഹൃദമല്ലാത്ത വിനോദസഞ്ചാര പദ്ധതികള്‍ക്കും വാണിജ്യ സ്ഥാപനങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയത്. ക്വാറി, ക്രഷര്‍ നിരോധനം ആറാട്ടുപാറയ്ക്ക് 200 മീറ്റര്‍ പരിധിയിലാക്കി സെപ്റ്റംബര്‍ എട്ടിനു ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, ഓഗസ്റ്റ് രണ്ടിലെ ഉത്തരവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഡിസംബര്‍ ഒന്നിലെ സ്പഷ്ടീകരണ ഉത്തരവില്‍ പറയുന്നത് സമീപദിവസങ്ങളില്‍ വിവാദത്തിനു തിരികൊളുത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."