ജില്ലയില്‍ തുടര്‍ക്കഥയായി പൊലിസ് മര്‍ദനം
കൊച്ചി: ജില്ലയില്‍ പൊലിസ് മര്‍ദനം തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ രണ്ടരമാസത്തിനുള്ളില്‍ പൊലിസുകാരുടെ ക്രൂരമര്‍ദനത്തിനിരയായ നാല് പരാതികളാണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ചേരാനല്ലൂരില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ഒരാള്‍ മരിക്കുകയും ചെയ്തു. ഇത് ലോക്കപ്പ് മര്‍ദനമാണെന്നും ആരോപണമുണ്ട്. മോഷണക്കുറ്റം ആരോപിച്ച് പനങ്ങാട് ഓട്ടോഡ്രൈവര്‍ക്കും ഫോര്‍ട്ടുകൊച്ചിയില്‍ സ്‌കൂള്‍ബസ് ഡ്രൈവര്‍ക്കും ആലുവയില്‍ ഒരു മദ്യപനും പൊലിസിന്റെ മര്‍ദനമേറ്റു.
മദ്യപനെ മര്‍ദിച്ചതിനേതുടര്‍ന്ന് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെത്തിയ കുടുംബത്തിനു നേരെയും പൊലിസിന്റെ അതിക്രമമുണ്ടായി. പൊലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന് രണ്ട്‌പേര്‍ക്ക് പരുക്കേറ്റു. വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്‍ പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
കഴിഞ്ഞദിവസം മോഷണക്കുറ്റം ആരോപിച്ച് പനങ്ങാട് പൊലിസ് അതിക്രൂരമായി മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ നെട്ടൂര്‍ കുളത്തിപറമ്പില്‍ കെ.കെ നസീറിനെ(38) കൂടുതല്‍ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് നെട്ടൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ പഴക്കടയില്‍ നിന്ന് പണം മോഷണം പോയതിനെ തുടര്‍ന്നാണ് പനങ്ങാട് പൊലിസ് നസീറിനെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയത്. ഇതിനോടകം മൂന്ന് തവണ നസീറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. താന്‍ പണം എടുത്തിട്ടില്ലെന്ന് പൊലിസിനോട് പറയുകയും ചെയ്തിരുന്നു. പഴക്കടയില്‍നിന്ന് ശേഖരിച്ച സി.സി.ടി.വിയിലെ ദൃശ്യവുമായി നസീറിന് സാമ്യമുണ്ടെന്നു പറഞ്ഞായിരുന്നു ഇയാള്‍ക്കെതിരേ പൊലിസ് തിരിഞ്ഞത്. വെള്ളിയാഴ്ച നെട്ടൂര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് പൊലിസ് കൂട്ടിക്കൊണ്ടുപോയ ഇയാളെ നിര്‍ബന്ധിച്ച് കുറ്റം ഏറ്റുപറയിക്കാന്‍ ശ്രമിച്ചെങ്കിലും നസീര്‍ തയാറാകാത്തതിനെതുടര്‍ന്നാണ് അതിക്രൂരമായി മര്‍ദിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു മര്‍ദനം. കൈ പിന്നിലേക്ക് കെട്ടി ഡെസ്‌കില്‍ കമിഴ്ത്തികിടത്തി ലാത്തികൊണ്ട് നിരന്തരം അടിച്ചെന്ന് നസീര്‍ പറയുന്നു.
വൃഷ്ണങ്ങളില്‍ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ കുരുമുളക് സ്‌പ്രേ പൂശുകയും ചെയ്തു. ചൂരല്‍കൊണ്ട് കാല്‍പാതത്തില്‍ അടിച്ചതിനുശേഷം ചാടാന്‍ പറഞ്ഞു. രണ്ട് ചെവികളിലും കൈകൊണ്ട് അടിച്ചെന്നും നസീര്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഭാര്യയും മാതാവും പൊലിസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ക്രൂരമായി മര്‍ദിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ അഭിഭാഷകനായ ജിഹാദിനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു.
എസ്.ഐ പ്രജീഷ് ശശി യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പൊലിസുകാരും സംഘത്തിലുണ്ടായിരുന്നെന്നും നസീര്‍ പറഞ്ഞു. നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എടുത്തുകയറ്റിയാണ് സ്റ്റേഷനില്‍നിന്നും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മര്‍ദനം നടന്നെന്ന് ശരിവെക്കുന്നതാണ് ഇവിടുത്തെ ഡോക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ കെ.നാരായണകുറുപ്പ് നസീറിന്റെ മൊഴിയെടുത്തു. പനങ്ങാട് എ.എസ്.ഐയുടേയും മൊഴിയെടുത്തിട്ടുണ്ട്. നീതി തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് നസീറിന്റെ കുടുംബം. നസീറാണ് കുടുംബത്തിന്റെ ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."