ഫോര്‍ട്ട്‌കൊച്ചി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനത്തിന്റെ പേരില്‍ രാഷ്ട്രീയ നാടകം
മട്ടാഞ്ചേരി: പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാന്‍ ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനത്തിന്റെ പേരില്‍ രാഷ്ട്രീയ നാടകം. ഒരു വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്റര്‍ അനുബന്ധ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ല. തുടര്‍ന്ന് നവംബര്‍ അഞ്ചിന് സെന്റര്‍ തുറന്ന് നല്‍കുമെന്ന് കെ.ജെ മാക്‌സി എം.എല്‍.എ അറിയിച്ചു. എന്നാല്‍ ഇത് നീണ്ട് പോകുകയായിരുന്നു. സെന്ററിലെ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാകുകയും കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഡിസംബര്‍ 22ന് തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യോഗത്തില്‍ എം.എല്‍.എയും മേയറും പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് 31ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചത്. എന്നാല്‍ താമസിക്കാതെ സെന്റര്‍ പൊതുനനങ്ങള്‍ക്കായി തുറന്ന് നല്‍കാന്‍ നഗരസഭ തീരുമാനിക്കുകയും ഇന്നലെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ച് നോട്ടിസ് ഇറക്കുകയും ചെയ്തു. ഇതിനെതിരേ രാവിലെ തന്നെ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, സി.പി.എം ഏരിയ സെക്രട്ടറി കെ.എം.റിയാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്ത് സംഘടിച്ചെത്തുകയും സ്ഥലത്തെത്തിയ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബുവിനെ തടയുകയും മടക്കി അയക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ മേയര്‍ എത്തിയില്ല. ഇതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയെക്കൊണ്ട് ജനകീയ ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു.
അതേസമയം ഡയാലിസിസ് സെന്ററിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലന്നും എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് തുറന്ന് നല്‍കുകയെന്നതായിരുന്നു ഉദ്ദേശമെന്നും മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. ചടങ്ങ് അലങ്കോലപെടുത്തിയ സി.പി.എമ്മിന്റെയും അതിന് മുന്‍കൈ എടുത്ത സ്ഥലം എം.എല്‍.എ കെ.ജെ മാക്‌സിയുടേയും നിലപാട് അപലപനീയമാണ്. ആശുപത്രി പോലെയുള്ള സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ വിട്ട് നിന്നതെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ മന്ത്രി ഉദ്ഘാടനം ചെയ്യാതിരിക്കാനാണ് മേയര്‍ രാഷ്ട്രീയം കളിച്ച് നേരത്തെ ഉദ്ഘാടനം തീരുമാനിച്ചതെന്ന് എം.എല്‍.എ ആരോപിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ അധികാരത്തില്‍ കൈകടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ റ്റി.ജെ വിനോദ് പറഞ്ഞു.
ഈ മാസം 26ന് ഡയാലിസിസിനായി രോഗികളെ ബുക്ക് ചെയ്തിരിക്കവേയാണ് ഉദ്ഘാടന വിവാദം നാണക്കേടുണ്ടാക്കിയത്. കൊച്ചി നഗരസഭയാണ് ഒന്നര കോടി രൂപ ചെലവില്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."