ചിറപ്പ് കൊഴുക്കുന്നു; മുല്ലയ്ക്കല്‍ തെരുവിലേക്ക് ജനങ്ങള്‍ ഒഴുകുന്നു
ആലപ്പുഴ : ഒന്‍പതാം ദിനം പിന്നിടുമ്പോള്‍ മുല്ലയ്ക്കല്‍ ചിറപ്പ് മഹോല്‍സവം കൂടുതല്‍ ആകര്‍ഷകമാകുന്നു. കുട്ടികളുടെ പരീക്ഷകള്‍ പൂര്‍ത്തിയായതോടെ റൈഡുകളും വിനോദോപാദികളും കൊണ്ടു മുഖരിതമായ തെരുവില്‍ വഴിവാണിഭവും കൂടുതല്‍ ഉച്ചസ്ഥായിലെത്തി.
മൂന്നുദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിറപ്പ് മഹോല്‍സവത്തിന് കൂടുതല്‍ ജനകീയമുഖം കൈവരുകയാണ്. എങ്ങും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കാഴ്ചകള്‍ മാത്രം. ക്രിസ്തുമസ് എത്തിയതോടെ വിപണി കൂടുതല്‍ സജീവമായി. വരുംദിനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് ഉല്‍സവകമ്മിറ്റിയുടെ ശ്രമം.ചിറപ്പ് വാണിഭത്തില്‍ ഇന്നലെ വിപണി കണ്ടെത്തിയത് പൂകിരീടം ആയിരുന്നു. ഒറിസ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നിരവധി യുവാക്കളാണ് ഈ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുളളത്. സ്‌പോഞ്ചും നേര്‍ത്ത അലുമിനിയം കമ്പിയും കൊണ്ട് നിര്‍മ്മിച്ച ഈ കിരീടങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഏറെ ആകര്‍ഷിക്കുന്നുണ്ട്. നാല്‍പത് രൂപ വിലവരുന്ന ഈ കിരീടം വാങ്ങാന്‍ തെരുവില്‍ തിക്കും തിരക്കും ഏറുകയാണ്.
ഉല്‍സവപറമ്പുകള്‍ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന വഴി വാണിഭം കുട്ടികളില്‍ ഏറെ ആകര്‍ഷണം ആണ് ഉണ്ടാകുന്നത്. ഏതു അവസരത്തിലും തലയില്‍ ചൂടാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന കിരീടം പെണ്‍കുട്ടികള്‍ അവരവരുടെ വസ്ത്രങ്ങള്‍ക്ക് യോജിച്ച വിധത്തിലുളള നിറങ്ങള്‍ തെരഞ്ഞെടുക്കുന്ന തിരക്കിലാണ്.കഴിഞ്ഞ പത്തുകൊല്ലമായി മുല്ലയ്ക്കല്‍ തെരുവില്‍ വിവിധ ഉല്‍പന്നങ്ങളുമായെത്തുന്ന അന്യസംസ്ഥാന യുവാക്കള്‍ തന്നെയാണ് ഇക്കുറിയും പുതിയ രൂപത്തിലും ഭാവത്തിലും ഉല്‍പന്നങ്ങളുമായി മൂല്ലയ്ക്കല്‍ തെരുവില്‍ എത്തിയിട്ടുളളത്. ഇന്നലെ എസ് ഡി വി മൈതാനിയില്‍ തുടങ്ങിയ സസ്യപുഷ്പഫല പ്രദര്‍ശനം കൂടി ചിറപ്പില്‍ സജീവമായതോടെ കാണികള്‍ സ്‌കൂള്‍ മൈതാനിയിലേക്കും എത്തിതുടങ്ങി. 27 ന് അവസാനിക്കുന്ന ചിറപ്പ് കഴിഞ്ഞയുടന്‍ ബീച്ച് ഫെസ്റ്റ് ആരംഭിക്കുന്നതോടെ വ്യാപാരികളില്‍ അധികവും അവിടേയ്ക്ക് തിരിയും. പിന്നീട് ബിച്ചിലും 31 വരെ ഉല്‍സവത്തിന്റെ നാളുകളാണ്. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ബിച്ച് ഫെസ്റ്റും മുല്ലയ്ക്കല്‍ ചിറപ്പിനെ അനുസ്മരിപ്പിക്കും വിധം വര്‍ണ്ണാഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."