കുണ്ടറയിലും അയത്തിലും ലഹരിമാഫിയ ശക്തം; വിദ്യാര്‍ഥികളെ ഉപയോഗിച്ചും മയക്കുമരുന്ന് വില്‍പന
കൊട്ടിയം: ജില്ലയില്‍ കുണ്ടറയിലും അയത്തിലും ലഹരിമാഫിയ ശക്തമായി. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മിഠായികളും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പനയാണ് ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ സജീവമായിട്ടുള്ളത്. കൊല്ലം കേന്ദ്രീകരിച്ചുള്ള മേഖലകളിലാണ് ഇവരുടെ സജീവസാന്നിധ്യം കൂടുതലായി കണ്ടുവരുന്നത്.
ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സംഘങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മിഠായിയും കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും ആദ്യം സൗജന്യമായി നല്‍കി പിന്നീട് തങ്ങളുടെ ഏജന്റാക്കി മാറ്റും. പിന്നീട് ഇതില്‍ അകപ്പെടാത്ത വിദ്യാര്‍ഥികളെ വില കൂടിയ മൊബൈല്‍ഫോണും ഇന്റര്‍നെറ്റ് ചാര്‍ജ് ചെയ്യാനുള്ള കാശും ആഡംബരവസ്തുക്കളും നല്‍കിയാണ് ഇവര്‍ കെണിയിലാക്കുന്നത്. തുടര്‍ന്ന് സഹപാഠികള്‍ക്ക് ഇവരെക്കൊണ്ട് ലഹരിവസ്തുക്കള്‍ സൗജന്യമായി നല്‍കി ഇവരെയും തങ്ങളുടെ ഉപഭോക്താവാക്കി മാറ്റുകയുമാണ് ഈലോബിയുടെ ശൈലി.
സ്‌കൂളുകളില്‍ ലഹരിവസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അധ്യാപകര്‍ ഇവര്‍ക്കെതിരേ നടപടി എടുക്കാതെ അത് ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ശിശുക്ഷേമസമിതിയുടെയും സാമൂഹ്യക്ഷേമവകുപ്പിന്റെയും കാര്‍ക്കശ്യമായ നിയമം മുതലെടുത്ത് കുട്ടികള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍ തങ്ങള്‍ അതില്‍ കുടുങ്ങുമെന്ന പേടിയാണ് കാരണം. വിദ്യാര്‍ഥികള്‍ തങ്ങളുടെ വലയില്‍ കൊളുത്തി എന്ന് മനസ്സിലായാല്‍ ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികള്‍ക്കും ഇവര്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ഇതിനടിമയാകുന്ന വിദ്യാര്‍ഥിനികളെ വരെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടത്രെ. ലഹരിവില്‍പ്പനക്കാര്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ലഹരിമിഠായിയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്.
പല സ്‌കൂളുകളിലും പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍നിന്ന് അധ്യാപകര്‍ മദ്യക്കുപ്പി പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അയത്തിലെ ഒരു സ്‌കൂളില്‍ ലഹരി ബീഡി വലിച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതിനോട് അനുബന്ധിച്ച് ഇവര്‍ നാടുവിട്ട സംഭവവും ഈയിടെയാണ് ഉണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ക്രിമിനലുകള്‍ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതായും പരാതികളും വ്യാപകമായിട്ടുണ്ട്.വിദ്യാര്‍ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന വ്യാപകമായിട്ടും വേണ്ടത്ര നടപടികള്‍ ആരോഗ്യവകുപ്പോ വിദ്യാഭ്യാസ വകുപ്പോ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."