ഇടിത്തീ: നോട്ട് പിന്‍വലിക്കലിന്റെ 47 ദിനങ്ങള്‍
കണ്ണൂര്‍: നോട്ടു നിരോധനം നിലവില്‍ വന്നിട്ടു 47 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ജില്ലയിലെ വ്യവസായ-വ്യാപാര മേഖലകളില്‍ ഉണ്ടായത് 50 ശതമാനത്തിന്റെ നഷ്ടം. വന്‍കിട വ്യവസായ മേഖലയും ചെറുകിട വ്യവസായ-വ്യാപാര മേഖലകളും പൂര്‍ണമായും സ്തംഭിച്ച നോട്ടു നിരോധനത്തിന്റെ ആദ്യദിനങ്ങളില്‍ ഉണ്ടായ നഷ്ടത്തില്‍ നിന്നും മേഖല കരകയറാന്‍ പെടാപ്പാടു പെടുകയണ്. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള യാത്രാ സര്‍വിസും തൊഴില്‍-കാര്‍ഷിക മേഖലയും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ജില്ലയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍ വലിയ നിയന്ത്രണം ഉണ്ടായിരുന്ന സഹകരണ ബാങ്കിങ് മേഖല സാമ്പത്തിക ഇടപാടുകള്‍ സുഗമമായി നടത്താനാകാതെ അടച്ചു പൂട്ടിയ നിലയിലാണ്. പണത്തിന്റെ ക്രയവിക്രയം നടക്കാതായതോടെ വ്യവസായ മേഖലയില്‍ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളില്‍ കൂലി നല്‍കാന്‍ കഴിയാതായതോടെ പലരും നാട്ടിലേക്ക് മടങ്ങി. സാധനങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായതോടെ വ്യവസായശാലകള്‍ നോട്ടുനിരോധനത്തിന്റെ ആദ്യനാളുകളില്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ചെറുകിട വ്യാപാരമേഖലയിലെ വ്യാപാരികള്‍ കട അടച്ചിടേണ്ട അവസ്ഥയിലും ആത്മഹത്യാ മുനമ്പിലുമാണ്. കാര്‍ഷിക മേഖലയും പൂര്‍ണ സ്തംഭനത്തിലാണ്. വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും വിറ്റഴിക്കാനാവാത്തതും വളമടക്കം വാങ്ങുന്നതിനു പണം കൃത്യമായി ലഭിക്കാത്ത അവസ്ഥയുമാണ്. ഒരു വ്യക്തിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കിങ് മേഖലക്ക് ലഭിക്കുന്നത്.
സഹകരണ
ബാങ്കുകള്‍
ഇല്ലാതായ അവസ്ഥ
കെ നാരായണന്‍
ജില്ലാ സെക്രട്ടറി,
പ്രൈമറി കോ.ഓപറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍
സമൂഹത്തിലെ ജനജീവിതത്തില്‍ വലിയ ചാലക ശക്തിയായിരുന്ന സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ നോട്ടു നിരോധനത്തിലൂടെ നഷ്ടമായി. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്കു നടത്താനാവുന്ന 24,000 രൂപയുടെ ഇടപാടാണ് സഹകരണ ബാങ്കുകള്‍ക്ക് നടത്താനാവുന്നത്. അതോടെ തന്നെ സഹകരണ ബാങ്കുകളുടെ കടയ്ക്കല്‍ കത്തിവച്ചു. സഹകരണ ബാങ്കുകള്‍ നല്‍കിയ വായ്പകള്‍ക്ക് തിരിച്ചടവ് ഉണ്ടാകുന്നില്ല. പുതിയ വായ്പകള്‍ അനുവദിച്ചാല്‍ തന്നെ അത്രയും തുക നല്‍കാനാവുന്നില്ല. ഇത്തരം അവസ്ഥകള്‍ തുടരുന്നതിനാല്‍ നോട്ടിന്‍മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞാലും സഹകരണ ബാങ്കുകളുടെ ഇടപാടില്‍ മാറ്റമുണ്ടാവില്ല. സഹകരണ മേഖലയിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കാനാവാത്ത അവസ്ഥയാണ്. സഹകരണ ബാങ്കുകളില്‍ നോട്ടുകള്‍ കൊണ്ടുള്ള വ്യവഹാരം 90 ശതമാനം കുറഞ്ഞു. 2000ത്തിന്റെ വലിയ നോട്ടുമാത്രം ഇറക്കി നോട്ടു പ്രതിസന്ധി സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ഡിജിറ്റലൈസേഷനെ കുറിച്ചാണ് പറയുന്നത്. 80 ശതമാനം നോട്ടു പിന്‍വലിച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാന്‍ 30 ശതമാനം പോലും പുതിയ നോട്ട് ഇറക്കിയില്ല. സഹകരണ ബാങ്കുകള്‍ ഇല്ലാതായ അവസ്ഥയാണ് നിലവിലുള്ളത്.
തൊഴില്‍
കേന്ദ്രങ്ങള്‍
അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കെ സുരേന്ദ്രന്‍
(ദേശീയ സെക്രട്ടറി, ഐ.എന്‍.ടി.യു.സി)
നോട്ട് നിരോധനം രാജ്യത്തും തൊഴില്‍ മേഖലയിലും ഉണ്ടാക്കിയ പ്രതിസന്ധി ഉടനെയെങ്ങും പരിഹരിക്കാനാവില്ല. തൊഴില്‍ മേഖലയിലുണ്ടാക്കിയ പ്രതിസന്ധി ആഴത്തിലുള്ളതാണ്. സമഗ്ര മേഖലയിലും ഉണ്ടാക്കിയ മുറിവിനു ചെറിയ ചികിത്സയൊന്നും പോര. തൊഴിലാളികള്‍ക്കു കൂലി നല്‍കാന്‍ തൊഴില്‍ ഉടമകള്‍ക്കു കഴിയുന്നില്ല. മിക്ക സ്വകാര്യ കമ്പനികളിലും വേതനം മുടങ്ങിയിരിക്കുകയാണ്. തൊഴില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നിയന്ത്രണം എടുത്തു കളഞ്ഞാലും തൊഴില്‍ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാനാവില്ല. വരുമാനത്തില്‍ ഇടിവു വരുകയും തൊഴില്‍ ഇല്ലാതാവുകയും ചെയ്തതോടെ തൊഴിലാളികള്‍ ആത്മഹത്യാ മുനമ്പിലാണ്. കുത്തകകള്‍ക്കു രാജ്യത്തെ തീറെഴുതാനുള്ള നീക്കമാണ് ഇത്തരമൊരു പ്രവര്‍ത്തിക്കു പിന്നില്‍. പട്ടിണിയിലായ തൊഴിലാളികള്‍ ഭിക്ഷാടനമെടുത്ത് ജീവിക്കേണ്ട അവസ്ഥയിലാണ്.
യഥാര്‍ഥ
പ്രശ്‌നങ്ങള്‍ മറച്ചുവച്ച്
രാഷ്ട്രീയക്കാര്‍ സംസാരിക്കുന്നു
പി സത്യപ്രകാശ്
പ്രസിഡന്റ്, ബി.ജെ.പി ജില്ലാ കമ്മറ്റി
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ വലിയ മാറ്റങ്ങളോട് പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രക്രിയയെ ചില രാഷ്ട്രീയ നേതാക്കള്‍ പ്രത്യേക താല്‍പര്യം വച്ച് എതിര്‍ക്കുകയാണ്. തീരുമാനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവരികയാണ്. ആദ്യഘട്ടങ്ങളില്‍ ഉണ്ടായ ബഹളവും മറ്റും ഇപ്പോള്‍ നിലച്ചു. ഇ നി നോട്ടിന്‍മേലുള്ള നിയന്ത്രണങ്ങള്‍ കൂടി നീങ്ങുന്നതോടെ കാര്യങ്ങള്‍ കുറെക്കൂടി സുഗമമാവും. യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവച്ചാണ് ചില രാഷ്ട്രീയക്കാര്‍ സംസാരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത പ്രതിസന്ധി കേരളത്തില്‍ ഉണ്ടെന്നു പറയുന്നത് ശരിയായ നിലപാടല്ല. ഇപ്പോള്‍ നടപ്പാക്കിയ നയം മൂലം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."