ശ്രീകണ്ഠപുരം സ്റ്റാന്‍ഡില്‍ ബസുകള്‍ പുറത്ത്
ശ്രീകണ്ഠപുരം: അടിക്കടിയുണ്ടാകുന്ന പൊതുപരിപാടികള്‍ കാരണം ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ദുരിതത്തില്‍. ബസുകള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് കൂറ്റന്‍ സ്റ്റേജും പന്തലും കസേരകളും നിരത്തുന്നതോടെ ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡ് തിരക്കില്‍ വീര്‍പ്പുമുട്ടും. പാര്‍ട്ടികളുടെയും സംഘടനകളുടെയും പരിപാടികള്‍ മിക്ക ദിവസവും നടക്കും. സ്ഥിരമായി കാതടപ്പിക്കുന്ന ശബ്ദം കാരണം ജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സാധിക്കാറില്ല.
മറ്റൊരു സ്ഥലത്തും കാണാത്ത ബസ് സ്റ്റാന്‍ഡ് കൈയടക്കലാണ് ശ്രീകണ്ഠപുരത്ത് നടക്കുന്നത്.
നഗരത്തില്‍ ജനത്തിരക്ക് ക്രമാതീതമായി വര്‍ധിക്കുമ്പോഴും ബസുകള്‍ക്കു പാര്‍ക്കു ചെയ്യാന്‍ പോലും ഇടം നല്‍കാതെയാണ് ഓരോ സംഘാടകരും സ്റ്റാന്‍ഡില്‍ സ്‌റ്റേജുകളും കസേരയും നിരത്തുന്നത്.
കഴിഞ്ഞ ദിവസം വലിയൊരു ജനക്കൂട്ടമുള്ള ഒരു പരിപാടി ബസ്സ്റ്റാന്‍ഡില്‍ നടന്നു. എല്ലാ വിഭാഗം ആളുകളും പങ്കെടുത്തതും നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനുമായ പരിപാടി ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ഒരു നേതാവ് മൈക്കിനു മുമ്പില്‍ പറഞ്ഞത് പരിപാടി കഴിയുന്നതു വരെ ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്ന് മാറ്റിത്തരണമെന്നും ബസ് പ്രവേശിക്കരുതെന്നുമായിരുന്നു. ഇത്തരത്തിലുള്ള സമീപനം യാത്രക്കാരെയും ബസ് ജീവനക്കാരെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡിനകത്ത് അനധികൃതമായി നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ കാരണം ബസിന് പോകാന്‍ സ്ഥലമില്ലാതെ ഏറെ നേരം ഗതാഗതപ്രശനമുണ്ടായി.
വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉള്ള ബുദ്ധിമുട്ട് മനസിലാക്കി പൊതുപരിപാടികള്‍ക്കു ബസ്സ്റ്റാന്‍ഡ് വേദിയാക്കരുതെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."