മുടങ്ങിയ വൈദ്യുതി പദ്ധതികള്‍: പാഴ്‌വാക്ക് പറഞ്ഞ് പുതിയ മന്ത്രിമാരും
തൊടുപുഴ: രൂക്ഷമായ ഊര്‍ജ പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികളുടെ നിര്‍മാണം ഡിസംബറില്‍ പുനരാരംഭിക്കുമെന്ന് വകുപ്പ് മന്ത്രിമാരുടെ പ്രഖ്യാപനം പാഴ്‌വാക്കായി. ഇതുസംബന്ധിച്ച് ഒന്നും ചെയ്തിട്ടില്ലെന്നുമാത്രമല്ല പദ്ധതിയുടെ ഫയലുകള്‍ മന്ത്രിസഭാ സബ് കമ്മിറ്റിയില്‍ കുടുങ്ങിക്കിടക്കുകയുമാണ്. നിര്‍മാണത്തിലിരിക്കുന്ന വലിയ പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതി, 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കുമെന്ന് ആദ്യം മന്ത്രി കടകംപള്ളി സുരേന്ദ്രനും പിന്നീട് മന്ത്രി എം.എം.മണിയും പ്രഖ്യാപിച്ചത്.
40 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് തറക്കല്ലിട്ടിട്ട് നാളെ 10 വര്‍ഷം തികയുകയാണ്. 2006 ഡിസംബര്‍ 26ന് വൈദ്യുതി മന്ത്രി എ.കെ.ബാലനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നാലുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതി ഉത്പ്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പള്ളിവാസല്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടിയായി ഉയര്‍ത്താന്‍ ചീഫ് എന്‍ജിനീയറുടെ ശുപാര്‍ശ നിലനില്‍ക്കുകയാണ്. 268.01 കോടി രൂപയ്ക്ക് പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതിയാണ് കെടുകാര്യസ്ഥത മൂലം കോടികളുടെ നഷ്ടത്തിന് ഇടവരുത്തുന്നത്. 282 കോടി രൂപയുടെ നഷ്ടത്തിന് പുറമെ പദ്ധതി വൈകുന്നതുമൂലമുള്ള 42 ലക്ഷം രൂപയുടെ പ്രതിദിന നഷ്ടം കൂടി കണക്കാക്കുമ്പോള്‍ സര്‍ക്കാരിന്റെ നഷ്ടം ഭീമമായിരിക്കും. എസ്റ്റിമേറ്റ് തുക 550 കോടിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ മന്ത്രിമാരായ എ.കെ.ബാലന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
42 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ട തൊട്ടിയാര്‍ പദ്ധതി 37 മാസങ്ങള്‍ പിന്നിടുമ്പോള്‍ പൂര്‍ത്തിയാക്കാനായത് 4.12ശതമാനം ജോലികള്‍ മാത്രമാണ്. കരാറുകാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തൊട്ടിയാര്‍ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
നാലു പതിറ്റാണ്ടു മുന്‍പ് ആലോചന തുടങ്ങിയ മാങ്കുളം ജലവൈദ്യുതി പദ്ധതി ഇപ്പോഴും സ്ഥലമെടുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇനിയും 21 ഓളം പേരുടെ സ്ഥലം ഏറ്റെടുക്കാനുണ്ട്. ജില്ലാ കലക്ടര്‍, കെ.എസ്.ഇ.ബി ഫിനാന്‍സ്, ജനറേഷന്‍ ഡയറക്ടര്‍മാര്‍, ലാന്‍ഡ് അസൈന്‍മെന്റ് ഡെപ്യൂട്ടി കലക്ടര്‍, പദ്ധതിയുടെ പ്രൊജക്ട് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പര്‍ച്ചേസ് കമ്മിറ്റിയാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം പര്‍ച്ചേസ് കമ്മിറ്റി ചേര്‍ന്നിട്ടില്ല. കഴിഞ്ഞ അഞ്ചിന് കമ്മിറ്റി ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. ഊര്‍ജ പ്രതിസന്ധിയുടെ പേരുപറഞ്ഞ് നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യവുമായി രംഗത്തുവരുമ്പോഴാണ് വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."