വാജ്‌പേയ് ഇപ്പോള്‍ നമ്മോടൊപ്പമില്ല; നാക്കു പിഴച്ച് വീണ്ടും ബി.ജെ.പി മേയര്‍
ആഗ്ര: നാക്കു പിഴച്ച് വീണ്ടും വിവാദത്തിലായിരിക്കുകയാണ് അലിഗഢ് ബി.ജെ.പി മേയര്‍ ശകുന്തള ഭാരതി. ജീവിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മരിച്ചെന്ന രീതിയില്‍ പ്രസംഗം നടത്തിയാണ് ഇത്തവണ ഭാരതി വിവാദത്തിലായിരിക്കുന്നത്. 'വാജ്‌പേയ് ജി ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കും' എന്നാണ് അവര്‍ പറഞ്ഞത്. നാക്കു പിഴച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഭാരതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അലിഗഢിലെ ഇഗ്ലസില്‍ ഒരു സ്‌കൂളില്‍ മദന്‍ മോഹന്‍ മാളവ്യയുടേയും വാജ്‌പേയുടെയും പിറന്നാള്‍ ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് ഭാരതിക്ക് ഇത്തരമൊരു അബന്ധം പിണഞ്ഞത്. ഭാരതിയുടെ പ്രസംഗം സദസിലുണ്ടായിരുന്ന എല്ലാവരിലും ഞെട്ടലുണ്ടാക്കി. ഇത്തരം വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ബി.എസ്.പിയുടെ അലിഗഢ് സില പഞ്ചായത്ത് അംഗം നരേന്ദ്ര പചൗരി പറഞ്ഞു. അറിയാത്ത കാര്യങ്ങള്‍ പറയാന്‍ നില്‍ക്കരുതെന്നൊരു ഉപദേശവും അദ്ദേഹം നല്‍കി.
എന്നാല്‍ സംഭവം വിവാദമായതോടെ ഭാരതി വിശദീകരണവുമായി രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് മാളവ്യയെയാണെന്നും തനിക്ക് നാക്കു പിഴച്ചതാണെന്നുമാണ് ഭാരതി പറഞ്ഞത്.
ഇതിനു മുന്‍പും പല തവണ വിവാദത്തില്‍ പെട്ട ബി.ജെ.പി നേതാവാണ് ശകുന്തള ഭാരതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."