അറുപതു വയസു കഴിഞ്ഞവരുടെ വിസ പുതുക്കില്ല
ദോഹ: അറുപതു വയസു കഴിഞ്ഞവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് (ആര്‍.പി) പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം ഭരണവികസന തൊഴില്‍ -സാമൂഹിക കാര്യ മന്ത്രാലയം ഉടന്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.
മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍വതന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 60 വയസ്സ് തികയുന്നതോടെ ആനൂകൂല്യങ്ങള്‍ കൈപ്പറ്റി പ്രവാസികള്‍ രാജ്യം വിടേണ്ടി വരുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സ്വദേശിവല്‍ക്കരണ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനും രാജ്യത്തിന്റെ വികസന ലക്ഷ്യത്തില്‍ യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തീരുമാനം നടപ്പിലാവും.
എന്നാല്‍, ചില ജോലികളെയും രാജ്യക്കാരെയും ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യം മന്ത്രാലയം പ്രഖ്യാപിക്കും. 60 വയസു കഴിയുമ്പോള്‍ വിദേശ ജോലിക്കാരുടെ കരാര്‍ സ്വയമേവ അവസാനിക്കുന്ന രീതിയിലുള്ള ചട്ടം ഉണ്ടാക്കും. ഇത്തരക്കാര്‍ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ് പെര്‍മിറ്റ് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി രാജ്യം വിടേണ്ടി വരുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
60 വയസു കഴിഞ്ഞവര്‍ക്ക് പുതിയ തൊഴിലിലേക്കു മാറാന്‍ പറ്റില്ലെന്ന് ഈ മാസം മുതല്‍ നടപ്പില്‍ വന്ന തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ആര്‍പി പുതുക്കി നല്‍കില്ലെന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
തീരുമാനം നടപ്പിലായാല്‍ ആയിരക്കണക്കിന് മലയാളികളെയും ഇതു ബാധിക്കും. സാധാരണക്കാരും ഇടത്തരക്കാരുമായി നിരവധി മലയാളികള്‍ 60 വയസു കഴിഞ്ഞവരായി ഖത്തറിലുണ്ട്. വര്‍ഷങ്ങളായി അധ്വാനിച്ചിട്ടും ഒന്നും നേടാനാവാതെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കാരണം ഇവിടെ തങ്ങുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
പുതിയ തീരുമാനത്തോടെ ഇവരുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഏതെങ്കിലും പൊസിഷനിലേക്ക് ഖത്തരികള്‍ അപേക്ഷകരായുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കരുതെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു വേണ്ടി ഖത്തരി ഉദ്യോഗാര്‍ഥികളുടെ ഡാറ്റാബേസ് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. പൊസിഷനിലേക്ക് ഖത്തരി ഉദ്യോഗാര്‍ഥിക്ക് പരിശീലനം നല്‍കേണ്ടതുണ്ടെങ്കില്‍ അത് ചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ട്.
വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതിന് മന്ത്രാലയം വിദേശ തൊഴിലാളികളുടെ ഡാറ്റാബേസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
താല്‍ക്കാലിക പ്രൊജക്ടുകളില്‍ ജോലി ചെയ്യുന്നതിന് വേണ്ടി രാജ്യത്തെത്തുകയും പ്രൊജക്ട് കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയും ചെയ്യുന്നവരുടെ വിവരങ്ങളും മന്ത്രാലയം ശേഖരിക്കുന്നുണ്ട്.
ചില കമ്പനികള്‍ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോഴുള്ള ചെലവ് ഒഴിവാക്കുന്നതിനു വേണ്ടി ഇത്തരക്കാരെ ജോലിക്കെടുക്കുന്നുണ്ട്. കമ്പനികളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ മന്ത്രാലയം ഇക്കാര്യവും പരിഗണിക്കും.
തൊഴില്‍ മാറ്റം: പുതിയ നിബന്ധന ബുദ്ധിമുട്ടുണ്ടാക്കും
ഖത്തറില്‍ തൊഴില്‍ മാറ്റമുദ്ദേശിക്കുന്ന പ്രവാസികളെ അതേ രാജ്യം, ലിംഗം, പ്രൊഫഷന്‍ ഉള്‍പ്പെട്ട വിസയുള്ള കമ്പനികള്‍ക്കു മാത്രമേ റിക്രൂട്ട് ചെയ്യാന്‍ സാധിക്കൂ. ഈ മാസം 23 മുതല്‍ നിലവില്‍ വന്ന പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമത്തില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ജോലി മാറാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശരിയായ ഒഴിവുണ്ടെങ്കിലേ ഇതു സാധ്യമാവൂ എന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി.
ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ പുരുഷ അക്കൗണ്ടന്റിന് നിലവിലുള്ള കമ്പനി മാറണമെങ്കില്‍ ഇന്ത്യന്‍, പുരുഷ, അക്കൗണ്ടന്റിനെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ള കമ്പനിയിലേക്കു മാത്രമേ മാറാനാവൂ. ജോലി മാറുന്നതും രാജ്യം വിടുന്നതും സംബന്ധിച്ച ഇത്തരം വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജോലിക്കാണ് ഈ നിയന്ത്രണമെന്ന് നോട്ടീസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."