പറപ്പൂരിന്റെ വികസന ശില്‍പിക്ക് നാട് വിട നല്‍കി
വേങ്ങര: പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലും ഇരിങ്ങല്ലൂര്‍ കുഴിപ്പുറത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും നിറസാനിധ്യമായിരുന്ന കറുമണ്ണില്‍ ബാപ്പുഹാജിക്ക് നാട് വിട നല്‍കി. കടലുണ്ടിപ്പുഴയ്ക്ക് ഇരു വശങ്ങളിലായിക്കിടന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി തോണിക്കടവ് കുഴിപ്പുറം കടവില്‍ പൊതുമരാമത്ത് പാലം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ശില്‍പിയായിരുന്നു.
വര്‍ഷങ്ങളായി കുഴിപ്പുറം കിഴക്കെ ജുമാ മസ്ജിദ് മുതവല്ലിയായും പ്രവര്‍ത്തിച്ചു. പറപ്പൂരില്‍ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍നിന്ന ബാപ്പു ഹാജി പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാട് കുടുംബവുമായുള്ള ബന്ധം അവസാനകാലം രെ തുടര്‍ന്നു. മരണ വാര്‍ത്തയറിഞ്ഞതുമുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നു മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരും നാട്ടുക്കാരും കുഴിപ്പുറം നടുത്തൊടുവിലെ തറവാട്ടിലേക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി. 1963 ല്‍ പറപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണയും പഞ്ചായത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബാപ്പു ഹാജി നാട്ട് മധ്യസ്ഥനുമായിരുന്നു. ജനാസ നിസ്‌കാരം രാവിലെ 11നു കുഴിപ്പുറം കിഴക്കെ ജുമാ മസ്ജിദില്‍ നടന്നു. വീട്ടിലും പള്ളിയിലുമായി നടന്ന ജനാസ നമസ്‌ക്കാരങ്ങള്‍ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും റഷീദലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി.
എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍ എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, എം. ഉമ്മര്‍, പി.ടി എ റഹീം, പി ഉബൈദുള്ള, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി, അബ്ദുറഹിമാന്‍ രണ്ടത്താണി, പി.എം.എ സലാം അരിമ്പ്ര മുഹമ്മദ്, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
കുഴിപ്പുറത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ ടി.ടി. ബീരാവുണ്ണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."