മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം: പി.എ പൗരന്റെ മൊഴി എടുക്കാനാകാതെ ക്രൈംബ്രാഞ്ച് സംഘം മടങ്ങി
നിലമ്പൂര്‍: നിലമ്പൂര്‍വനത്തില്‍ രണ്ടുമാവോയിസ്റ്റുകള്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പി.യു.സി.എല്‍ പൊലിസിനെതിരേ നല്‍കിയ പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ പൗരന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞില്ല.
ഡിവൈ.എസ്.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം നിലമ്പൂരിലെത്തിയെങ്കിലും പരാതിയില്‍ കേസെടുക്കാതെ മൊഴി നല്‍കാനാവില്ലെന്ന് പി.എ പൗരന്‍ ഡി.വൈ.എസ്.പിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 24ന് കരുളായി വനത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, നോഡല്‍ ഓഫിസര്‍ വിജയകുമാര്‍, ആര്‍.ഡി.ഒ ജാഫര്‍ മാലിക് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പി.എ പൗരന്‍ നല്‍കിയ പരാതിയില്‍ പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല.
പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നലെ പി.എ പൗരനില്‍ നിന്ന് മൊഴിരേഖപ്പെടുത്താനാണ് നിലമ്പൂരില്‍ എത്തിയത്. മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പൗരന് ഡി.വൈ.എസ്.പി ബിജു ഭാസ്‌കര്‍ കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പൗരനും ക്രൈംബ്രാഞ്ച് സംഘവും നിലമ്പൂര്‍ ടി.ബിയില്‍ എത്തിയത്.
പി.യു.സി.എല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ തനിക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കാനാവില്ലെന്ന് പൗരന്‍ സംഘത്തെ അറിയിക്കുകയായിരുന്നു. മാവോയിസ്റ്റ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു ഭാസ്‌കറും സി.ഐ. ടി.കെ ഷൈജുവും പൗരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് മൊഴി നല്‍കാന്‍ പൗരന്‍ തയാറായില്ല.
പകരം എഴുതിത്തയാറാക്കിയ ഒരു സ്‌റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ചിന് നല്‍കി മടങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."