എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബഷീര്‍ ആശുപത്രി വിട്ടു; ഇനി പുതിയൊരു ജീവിതം
ആര്‍പ്പൂക്കര:കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എറണാകുളം എടവനക്കാട് കൂട്ടൂങ്കല്‍ചിറ രായംമരയ്ക്കാര്‍ വീട്ടില്‍ ബഷീര്‍(45) ആശുപത്രി വിട്ടു.
ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സാന്നിധ്യത്തില്‍ ബഷിറും കുടുംബവും ആശുപത്രിയുടെ പടിയിറങ്ങിയത്.ബഷീര്‍ സുഖംപ്രാപിച്ചെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക്ക് മേധാവി ഡോ.ടി കെ ജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 26നാണ് ബഷീറിനെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.വാഹനാപകടത്തില്‍ മസ്തിഷ്‌ക ആഘാതം സംഭവിച്ച് കൊച്ചി ആസ്‌ട്രോ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആലുവ സ്വദേശിയായ യുവാവിന്റെ ഹൃദയമാണ് ബഷീറിന്റെ ഹൃദയത്തിന്റെ ഭാഗത്ത് തുന്നിചേര്‍ത്ത്.പെയിന്റിംഗ്,പാചകം എന്നി തൊഴില്‍ ചെയ്തിരുന്ന ബഷീര്‍ 20വര്‍ഷമായി ഹൃദ്‌രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്,കളമശേരിയിലെ ആശുപത്രി എന്നിവടങ്ങളില്‍ ചികില്‍സയിലായിരുന്നു.ആറുമാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടിയത്.
ഹൃദയത്തിന്റെ മസിലിന് വീക്കം സംഭവിക്കുകയും ബലം കുറയുകയും ചെയ്ത് ശ്വാസതടസവും നടക്കാനും ബുദ്ധിമുട്ട് നേരിടുന്ന സ്‌ക്മി കാര്‍ഡിയോ മയോപതി എന്ന രോഗമാണ് ബഷിറിന്റെ ഹൃദയത്തിന് ബാധിച്ചിരുന്നത്.ഇവിടെ ചികില്‍സയില്‍ കഴിയുന്നതിനിടെ ബഷിറിനെ ശസത്രക്രിയയ്ക്ക് വിധേയനാക്കുകയും പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.ഇന്നലെ (തിങ്കളാഴ്ച)ഉച്ച കഴിഞ്ഞ് മൂന്നിന് ബഷീറിനെ വീട്ടിലേക്ക് വിടുന്നതിന് മുന്നോടിയായി ഡോ.ടി കെ ജയകുമാറും സംഘവും ബഷീറും കുടുംബാഗങ്ങളും മാധ്യമങ്ങളെ കണ്ടു.
ബഷീര്‍ വിതുമ്പികൊണ്ട് തന്നെ പുതുജീവിതത്തിലേക്ക് നയിച്ച ഡോക്ടര്‍മാര്‍ക്കും സാമ്പത്തികമായി സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.ബഷീര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ സംസാരിക്കുകയും നടക്കുകയും ചെയ്തു.ബഷീറിനെ ഇപ്പോള്‍ വിട്ടിലേക്ക് വിടുകയാണെങ്കിലും അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 30000രൂപയുടെ മരുന്നുവേണ്ടി വരുമെന്ന് ഡോ.ടി കെ ജയകുമാര്‍ പറഞ്ഞു.പിന്നീട് ഘട്ടംഘട്ടമായി 15000,10000എന്നി രൂപയിലേക്ക് മരുന്നിന്റെ അളവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.നിലവില്‍ സ്വകാര്യ ആശുപത്രികള്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങളാണ് ഈടാക്കുന്നത്.എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടര ലക്ഷം രൂപയ്ക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
സര്‍ക്കാരിന്റെ കാരുണ്യ ബലവനന്റ് പദ്ധതിയുടെ സഹായവും നാട്ടുകാരുടേയും സ്‌നേഹനിധികളുടേയും സാമ്പത്തിക സഹായത്താലാണ് ബഷീറിന് ചികില്‍സയും ശസ്തക്രിയയും നടത്താന്‍ സാധിച്ചത്.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ബഷിറിന് തുടര്‍ ചികില്‍സയ്ക്കും കാരുണ്യനിധികളുടെ സാമ്പത്തിക സഹായം അത്യാവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.നിലവില്‍ ബഷീര്‍ എറണാകുളത്തുള്ള മകന്റെ വീട്ടിലേക്ക് പോയാല്‍ അണുബാധയ്ക്ക് ഇടയുള്ളതിനാല്‍ ഡോ,ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്ത് വാടകയ്‌ക്കെടുത്ത് നല്‍കിയ വീട്ടിലേക്കാണ് ബഷീറും ഭാര്യ ഷബീനയും ഇളയ മകന്‍ ഷജാദും പോകുക.ഇവിടെ നിന്നും കാര്‍ഡിയോ തൊറാസിക്കില്‍ എത്താനും എളുപ്പമാണ്.കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തില്‍ രണ്ടാംമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ബഷീറിന്റേത്.
ആറുമാസം മുമ്പ് പത്തനംതിട്ട സ്വദേശി പൊടിയന്‍ എന്നയാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്തക്രിയ നടത്തി ഡോ.ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ചരിത്ര നേട്ടം കൈവരിച്ചിരുന്നു.എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം പൊടിയന്‍ കിഡ്‌നിക്കും കരളിനും അണുബാധയുണ്ടായി മരണപ്പെടുകായായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."