മകരവിളക്ക്: ഇടുക്കി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍
തൊടുപുഴ: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അവലോകനം ചെയ്തു.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സേവനങ്ങള്‍ക്കുമായി 1200 ഓളം പൊലിസ് സേനാംഗങ്ങള്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടാവും. സത്രം, വള്ളക്കടവ്, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ അസ്‌ക ലൈറ്റുകള്‍ ഉള്‍പ്പടെ വിപുലമായ സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വനം വകുപ്പ് എലഫന്റ് സ്‌ക്വാഡിന്റെ സേവനത്തിന് പുറമെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും.
സത്രം മുതല്‍ പുല്ലുമേട് വരെ പത്തിടങ്ങളിലായി കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും. ജല അതോറിറ്റി പുല്ലുമേട്, ഉപ്പുപാറ, മുക്കുഴി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും.
ആരോഗ്യവകുപ്പ് മുക്കുഴി, പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ സൗകര്യവും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആരോഗ്യസേവനങ്ങളുമായി ഹോമിയോ വകുപ്പും പ്രവര്‍ത്തനരംഗത്ത് ഉണ്ടാകും.
മോട്ടോര്‍ വാഹനവകുപ്പ് തീര്‍ഥാടകരുടെ വാഹന അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി നിലവില്‍ പ്രവര്‍ത്തനരംഗത്തുണ്ട്. സെയ്ഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി നാല് പട്രോളിങ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സൗകര്യത്തിന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ അമ്പത് ബസുകള്‍ സര്‍വിസ് നടത്തും. പുല്ലുമേട്ടില്‍ ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ടവര്‍ ജനുവരി 10 ന് കമ്മിഷന്‍ ചെയ്യും 12 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. സത്രം മേഖലയില്‍ ത്രീജി ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മേഖലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.
വണ്ടിപ്പെരിയാര്‍ ടൗണില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വണ്ടിപ്പെരിയാറിലെ പുതിയപാലം താല്‍കാലികമായി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിയ്ക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ആവശ്യപ്പെട്ടു.
കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുലേഖ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.കെ. ആര്‍ പ്രസാദ്, ഡെപ്യൂട്ടി കലക്ടര്‍ പി.ജി രാധാകൃഷ്ണന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണകുമാര്‍, കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."