അനഘയ്ക്ക് നാടിന്റെ വിട; ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു
മൂലമറ്റം: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുളമാവ് പുതുപ്പറമ്പില്‍ അനിലിന്റെ മകള്‍ അനഘ (17)യ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഞായറാഴ്ച 11 ഓടെ തൊടുപുഴ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൂലമറ്റം ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.. അനഘയുടെ സ്വര്‍ണ്ണ കൊലുസുകള്‍ പിതാവ് പണയം വച്ചിരിക്കുകയായിരുന്നു. അപകടമുണ്ടാകുന്നതിനു മുന്‍പ് ഇവ എടുത്തു തരണമെന്നും ഒരു ഉടുപ്പ് വാങ്ങി തരണമെന്നും അനഘ പറഞ്ഞിരുന്നു. പണത്തിന്റെ ബുദ്ധിമുട്ടു കൊണ്ട് ഉടുപ്പു മാത്രമേ പിതാവിനു വാങ്ങി നല്‍കാന്‍ കഴിഞ്ഞുള്ളു. മരണ ശേഷമെങ്കിലും മകളുടെ ആഗ്രഹം സാധിക്കണമെന്ന് പറഞ്ഞ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച സമയത്ത് പിതാവ് അനഘയുടെ കാലില്‍ കൊലുസണിയിച്ചപ്പോള്‍ കണ്ടു നിന്ന വരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പൊതുവേ ശാന്ത സ്വഭാവക്കാരിയും പഠിക്കാന്‍ മിടുക്കിയുമായിരുന്നു അനഘയെന്ന് ക്ലാസ് ടീച്ചര്‍ റീന അഗസ്റ്റിനും, പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസും അനുസ്മരിച്ചു..അനഘയുടെ ചേതനമറ്റ ശരീരം കണ്ട സഹപാഠികളും വിങ്ങിപ്പൊട്ടി. ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കുളമാവിലേക്ക് കൊണ്ടുപോയി. മൃതദേഹത്തോടൊപ്പം ആളുകള്‍ക്ക് പോകുന്നതിനായി ബ്ലൂ ഹില്‍, ഷാലിമാര്‍ ബസുകള്‍ സൗജന്യമായി ട്രിപ്പ് നടത്തി. 2.30ന് കുളമാവ് വൈശാലി ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം സി.വി സുനിത, പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസ്, മൂലമറ്റം സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ജില്‍സണ്‍ ജോണ്‍ തുടങ്ങി നാനാതുറകളില്‍പ്പെട്ടവര്‍ സ്‌കുളിലും കുളമാവിലുമായി അനഘയ്ക്കു അന്തിമോപചാരം അര്‍പ്പിച്ചു. നാലോടെ പോത്തുമറ്റത്തുള്ള തറവാട്ടു വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. .
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."