സമഗ്രപുരോഗതിക്കൊരുങ്ങി നീലേശ്വരം നഗരസഭ
നീലേശ്വരം: നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടു നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി പദ്ധതികളൊരുക്കുന്നു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളായ ജി.വി.എച്ച്.എസ്.എസ് കോട്ടപ്പുറം, ജി.എല്‍.പി.എസ് നീലേശ്വരം, ജി.എല്‍.പി.എസ് പേരോല്‍, ജി.എല്‍.പി.എസ് പരുത്തിക്കാമുറി, ജി.ഡബ്ല്യൂ.എല്‍.പി.എസ് കടിഞ്ഞിമൂല തുടങ്ങിയവയാണു വികസിപ്പിക്കുന്നത്.
ആദ്യ ഘട്ടം ഈ സ്‌കൂളുകളിലെ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റും. ഇതിനായി 13 ലക്ഷം രൂപയാണു നഗരസഭ വകയിരുത്തിയിട്ടുള്ളത്. കൂടാതെ വൈദ്യുതി തടസമില്ലാതെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സോളാര്‍ പാനലുകളും സ്ഥാപിക്കും. 10 ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. അനര്‍ട്ടിന്റെ സഹകരണത്തോടെയായിരിക്കും ഇതു നടപ്പാക്കുക.
സ്‌കൂളുകളിലെ ടോയ് ലറ്റുകള്‍ നവീകരിക്കുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപയാണു ഇതിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കേടുവന്ന കംപ്യൂട്ടറുകള്‍ നേരെയാക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കാന്‍ ആലോചനയുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴിയും തുക കണ്ടെത്തി വികസനങ്ങള്‍ സാധ്യമാക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നഗരസഭയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാതൃകാ വിദ്യാലയങ്ങളാക്കാനാണു ശ്രമമെന്നു സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫി പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."