ആദിവാസി തനത് സംസ്‌കാരം പറയുന്ന'ഗോത്രായനം'
വെള്ളമുണ്ട: വയനാട്ടിലെ ആദിമ ജനതയുടെ ചരിത്രവും സംസ്‌കാരവും വിനോദിന്റെ ചിത്രങ്ങളിലൂടെ സംസാരിക്കുകയാണ്.
പണിയ, കുറിച്യ, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ ജനനം മുതല്‍ മൃതസംസ്‌കാരം വരെയുള്ള വിവിധ ഘട്ടങ്ങളിലെ വേറിട്ട ആചാരങ്ങളുടെ നൂറുകണക്കിന് ഫോട്ടോകളാണ് വെള്ളമുണ്ട എട്ടേനാലിലെ ചിത്ര സ്റ്റുഡിയോയിലെ വിനോദ് പകര്‍ത്തിയിട്ടുള്ളത്. ആദിവാസികളിലെ 37 വിഭാഗങ്ങള്‍ക്കും വ്യത്യസ്തമായ ആചാരങ്ങളാണുള്ളത്.
കുറിച്യര്‍ക്കും കാട്ടുനായ്ക്കര്‍ക്കും വിവാഹത്തേക്കാള്‍ പ്രാധാന്യ മുള്ളതാണ് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്ന 'വയസ്സറിയിക്കല്‍ കല്യാണം' ഇതുതന്നെ കുറിച്യര്‍ക്കും കാട്ടുനായ്ക്കര്‍ക്കും സമാനമായ വെവ്വേറെ ആചാരമാണ്. പണിയരുടെ 'ദൈവത്തെകാണല്‍' ചടങ്ങ് പരമ്പരാഗതമായി നടക്കുന്ന അപൂര്‍വ ആചാരമാണ്
. പണിയരുടെ വിവാഹത്തിനും പ്രത്യേകതകളുണ്ട്.
ഓരോ സമുദായത്തിന്റെയും ഇത്തരം ഫോട്ടോകള്‍ കാമറയില്‍ പകര്‍ത്താന്‍ ചിലപ്പോള്‍ ദിവസങ്ങളോളം കോളനിയില്‍ താമസിക്കേണ്ടി വരുമെന്നും നല്ല ചിത്രങ്ങള്‍ക്കായി പലതവണ ഊരുകളില്‍ പോകേണ്ടി വരുമെന്നും വിനോദ് പറയുന്നു. ഉപജീവനത്തിനായി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സ്റ്റുഡിയോ നടത്തുകയാണ് വിനോദ്. ആദിവാസികളുടെ ചരിത്രവും സംസ്‌കാരവും പഠിക്കാനെത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് വിനോദിനെയും വിനോദിന്റെ ഫോട്ടോകളേയുമാണ്.
160ലധികം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച 'ഗോത്രായനം' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇതിനോടകം പതിനഞ്ചിലധികം സ്ഥലങ്ങളില്‍ നടത്തിക്കഴിഞ്ഞു. ഓരോ പ്രദര്‍ശനവും കാണാന്‍ ആയിരക്കണക്കിനാളുകള്‍ എത്താറുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഗുരു കൂടിയാണ് വിനോദും ഗോത്രായനവും. ചിത്രങ്ങളും വിവരണങ്ങളും ഉള്‍ക്കൊള്ളിച്ച് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹമിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."