വി.പി ബഷീറിന്റെ വിയോഗത്തില്‍ നാട് തേങ്ങി
കട്ടാങ്ങല്‍: സഊദി അറേബ്യയിലെ അബഹയില്‍ വച്ച് ഹൃദയാഘാതംമൂലം മരിച്ച മലയമ്മ മുണ്ടോട്ട് വെണ്ണക്കോട്ട്പറമ്പത്ത് ബഷീറിന്റെ വേര്‍പാടില്‍ തേങ്ങി നാട്ടുകാര്‍. മതസാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ബഷീര്‍ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും മുന്നണിപ്പോരാളിയായിരുന്നു.
മുണ്ടോട് ഇര്‍ശാദുസ്വിബിയാന്‍ മദ്റസാ കമ്മിറ്റി സെക്രട്ടറി, മുണ്ടോട് ശാഖാ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് യൂനിറ്റ് സെക്രട്ടറി, എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ബഷീര്‍.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മുണ്ടോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്കി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പി.കെ ഫിറോസ്, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.എ കാദര്‍ മാസ്റ്റര്‍, പി.ടി മുഹമ്മദ്, ഒ.പി അഷ്റഫ്, യു.സി രാമന് തുടങ്ങിയ മതസാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."