അമേരിക്കന്‍ വീറ്റോ സഹാനുഭൂതിയല്ല
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത കൈയേറ്റത്തിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്കയുടെ മൗനാനുവാദത്തോടെ പാസായിരിക്കുകയാണ്. പ്രമേയം വോട്ടിനിട്ടപ്പോള്‍ മാറിനിന്നു പ്രമേയം പാസാകാന്‍ അമേരിക്ക അവസരം നല്‍കിയതു ഫലസ്തീന്‍ ജനതയോടുള്ള സഹാനുഭൂതി കൊണ്ടായിരുന്നില്ല.
ആയിരുന്നുവെങ്കില്‍ 2009 ല്‍ ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചപ്പാള്‍ അമേരിക്ക വീറ്റോ ചെയ്തതെന്തിനായിരുന്നു. അന്നും പ്രസിഡന്റ് ബറാക് ഒബാമയിരുന്നു. ഫലസ്തീന്‍ ജനതയ്ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുകയും പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇസ്‌റാഈലിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്ത ബറാക് ഒബാമയുടെ ഇപ്പോഴത്തെ നടപടി അതുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയോടുള്ള സ്‌നേഹപ്രകടനമായി കണാനാവില്ല.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷതീവ്രവാദിയും വംശീയാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നയാളുമായ ട്രംപിന് അനുകൂലമായ നിലപാടാണ് ഇസ്‌റാഈല്‍ കൈക്കൊണ്ടത്. ബറാക് ഒബാമയ്ക്കു വ്യക്തിപരമായ തിരിച്ചടി കൂടിയായി ഹിലരി ക്ലിന്റന്റെ പരാജയം. വരാനിരിക്കുന്ന ട്രംപ് ഭരണം അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ കറുത്തനാളുകള്‍ക്കായിരിക്കും തുടക്കം കുറിക്കുകയെന്ന് ഒബാമ ഭയപ്പെടുന്നു.
ലോകം വംശീയാധിപത്യത്തിലേയ്ക്കും വലതുപക്ഷതീവ്രനിലപാടിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അത്തരമൊരു പക്ഷത്തിന്റെ ആശയക്കാരനായ ട്രംപിന്റെ ഭരണം അമേരിക്കയില്‍ കറുത്തവര്‍ഗക്കാരെ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് ആക്കംകൂട്ടും. ഇസ്‌റാഈലിന്റെ അകമഴിഞ്ഞ പിന്തുണയും ഇവിടെ ട്രംപിനു ലഭിക്കും. ഇസ്്‌റാഈലിന്റെ ഈ നയത്തോടുള്ള ബറാക് ഒബാമയുടെ തിരിച്ചടിയായി മാത്രം കണ്ടാല്‍ മതിയാകും യു.എന്നിലെ അമേരിക്കന്‍ വീറ്റോ പ്രയോഗം. ജനുവരി 20 ന് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ ഇസ്‌റാഈലിന് ആരെ പേടിക്കാന്‍.
ഇതുവരെ ഇസ്‌റാഈലിനെ പിന്തുണച്ച ബറാക് ഒബാമ കളം മാറിച്ചവിട്ടിയതു തന്റെ വംശത്തിന്റെ അമേരിക്കയിലെ ഭാവിയെക്കുറിച്ചോര്‍ത്തായിരിക്കണം. ഇസ്‌റാഈല്‍ താല്‍പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് അമേരിക്ക സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ക്രിയാത്മകമായി ഇടപെടാതിരിക്കുന്നത്. നാവുകൊണ്ടു സിറിയന്‍ ജനതയോടൊപ്പം നില്‍ക്കുകയും സൈനികമായി സിറിയന്‍ ജനതയെ സഹായിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു അമേരിക്ക. അമേരിക്കയുടെ പ്രഖ്യാപിതശത്രുവായ റഷ്യ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുമ്പോഴും അമേരിക്ക അനങ്ങുന്നില്ല.
സ്വന്തംജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന അസദിനെ എന്നേ കെട്ടുകെട്ടിക്കാമായിരുന്നു അമേരിക്ക സിറിയയെ സൈനികമായി സഹായിച്ചിരുന്നുവെങ്കില്‍. അഫ്ഗാനിസ്ഥാനില്‍ റഷ്യയ്‌ക്കെതിരേ അമേരിക്ക ഇടപെട്ടു റഷ്യന്‍ സേനയെ തുരത്തിയതു മറക്കാറായിട്ടില്ല. ശിയാ വിഭാഗക്കാരനായ അസദ് സിറിയയില്‍ സ്ഥാനഭ്രഷ്ടനായാല്‍ പകരം വരുന്ന ഭരണാധികാരി തികഞ്ഞ മുസ്്‌ലിമാണെങ്കില്‍ അതു തങ്ങള്‍ക്കു ഹാനികരമാകുമെന്ന് ഇസ്‌റാഈല്‍ കരുതുന്നു. ജൂതസൃഷ്ടിയായ ശിയാ വിഭാഗത്തില്‍ നിന്നുള്ള ഭരണാധികാരി സിറിയയില്‍ തുടരുന്നതാണു തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു സഹായകമെന്ന് ഇസ്‌റാഈല്‍ വിശ്വസിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ്, പുടിന്‍, നെതന്യാഹു അച്ചുതണ്ടു ഫലപ്രദമായി പ്രവര്‍ത്തിച്ചതാണു ബറാക് ഒബാമയുടെ ആശയങ്ങള്‍ക്ക് അമേരിക്കയില്‍ തിരിച്ചടിയായത്. യൂറോപ്പ് മുഴുവന്‍ വംശീയതയിലേയ്ക്കും വലതുപക്ഷതീവ്രവാദത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഭാവിയെ ആശങ്കയോടെയാണ് ഒബാമയുടെ വംശം കാണുന്നത്. ട്രംപിന്റെ അനുയായികള്‍ ഇപ്പോള്‍ത്തന്നെ ഒളിഞ്ഞും തെളിഞ്ഞും ഒബാമയെയും പത്‌നിയെയും വംശീയമായി അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒബാമ ഭ്രാന്തന്‍ പശുരോഗം ബാധിച്ചു മരിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രഥമവനിതയായ മിഷേല്‍ ഗോറില്ലയോടൊപ്പം ഗുഹയില്‍ കഴിയുന്നതു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്കില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണ സഹചെയര്‍മാനായിരുന്ന കാള്‍ പാലിഡിനോ ധൈര്യസമേതം പറയണമെങ്കില്‍ അമേരിക്ക വലതുപക്ഷ തീവ്രവാദത്തിലേയ്ക്കും വംശീയാധിപത്യത്തിലേയ്ക്കും ട്രംപ് യുഗത്തോടെ നീങ്ങുമെന്നു വേണം കരുതാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."