പൊലിസിന്റെ വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച്; ദേവസ്വം ബോര്‍ഡിന്റെ അലംഭാവമെന്ന് ഡി.ജി.പി
പത്തനംതിട്ട: ശബരിമല മാളികപ്പുറത്ത് ഞായറാഴ്ച ഉണ്ടായ അപകടത്തിനു കാരണം സംസ്ഥാന പൊലിസിന്റെ വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തിരക്കു നിയന്ത്രിക്കാന്‍ പൊലിസുകാര്‍ പിടിച്ചിരുന്ന വടം വഴുതിയാണ് അപകടം ഉണ്ടായതെന്നാണ് സ്പെഷല്‍ ബ്രാഞ്ച് നിഗമനം. തങ്ക അങ്കി യാത്ര എത്തിയ തിരക്കുള്ള സമയമായിട്ടു പോലും വടം പിടിച്ച് തിരക്കു നിയന്ത്രിക്കാന്‍ ഒന്‍പതു പൊലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി.
അതേസമയം, സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനെതിരേ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ രൂക്ഷവിമര്‍ശനം. പൊലിസ് നല്കിയ നിര്‍ദേശം ദേവസ്വം ബോര്‍ഡ് പാലിച്ചില്ലെന്ന് ഡി.ജി.പി കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡ് അനാസ്ഥ കാട്ടി. കമ്പിവേലികള്‍ ബലപ്പെടുത്താന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇക്കാര്യം ദേവസ്വം ബോര്‍ഡ് പാലിച്ചില്ല. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല.സംഭവത്തില്‍ പൊലിസിനു വീഴ്ചയുണ്ടായിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ല. സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.ജി.പി വ്യക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശനിരീക്ഷണത്തിനു വ്യോമസേനയുടെ സഹായം തേടും. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.ജി.പി. നിതിന്‍ അഗര്‍വാള്‍, ഐ.ജി. എസ്.ശ്രീജിത്ത് എന്നിവര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്കി.
പൊലിസിനു വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും. എന്നാല്‍ അപകടം നടന്നപ്പോള്‍ ഡ്യൂട്ടിക്ക് ഒമ്പതുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം മന്ത്രി സമ്മതിച്ചു. ഇക്കാര്യം ഐ.ജി എസ്. ശ്രീജിത്തും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം, സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്ന തരത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലിസ് സമയോചിതമായി ഇടപെട്ടതു മൂലമാണ് അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പരുക്കു പറ്റാതിരുന്നതെന്ന് സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."