പി.ഒ.എസ് മെഷീനുകള്‍ കിട്ടാനില്ല, വ്യാപരമേഖലയില്‍ തളര്‍ച്ച
കണ്ണൂര്‍: നോട്ട് നിരോധനത്തെ തുടര്‍ന്നു സ്തംഭിച്ച വ്യാപരമേഖലയ്ക്കും ആശ്വാസമായിരുന്ന പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) മെഷീനുകള്‍ കിട്ടാനില്ല. നോട്ട് നിരോധനവും ചില്ലറ ക്ഷാമവും കാരണം നട്ടംതിരിയുന്ന ജനങ്ങള്‍ പണത്തിനു പകരം കാര്‍ഡ് സ്വീകരിക്കുന്ന കടകള്‍ തേടി അലയുകയാണ്. മുന്‍പ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു സര്‍വിസ് നിരക്ക് ഈടാക്കിയിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഒഴിവാക്കി. തുടര്‍ന്നാണ് സാധാരണക്കാരടക്കം പി.ഒ.എസ് മെഷീനുകളുള്ള കടകള്‍ തേടിയിറങ്ങിയത്. മെഷീനായി നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം അപേക്ഷ കൊടുത്തവര്ക്കുവരെ ഇതുവരെ ലഭിച്ചിട്ടില്ല.
ഫെഡറല്‍ബാങ്കില്‍ നവംബര്‍ 30 വരെ 600 അപേക്ഷകളാണു ലഭിച്ചത്. ഇതിനേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ഡിസംബര്‍ മാസം ലഭിച്ചതായും ഇതില്‍ 60 മെഷീനുകള്‍ മാത്രമാണു വിതരണം ചെയ്യാനായതെന്നുമാണു ബാങ്ക് അധികൃതര്‍ നല്കുന്ന വിശദീകരണം. മെഷീനുകള്‍ അടിക്കടി പണിമുടക്കുന്നതു വ്യാപാരത്തെ സാരമായി ബാധിക്കുന്നുവെന്നാണു കച്ചവടക്കാരുടെ പരാതി. വന്‍തോതില്‍ ഇടപാടുകള്‍ നടക്കുന്ന വൈകുന്നേരങ്ങളിലാണു മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്.
കാര്‍ഡ് ഉപയോഗിച്ച് ബില്ലടച്ചാലും ഇടപാട് അംഗീകരിച്ചുകൊണ്ടുള്ള സ്ലിപ് ലഭിക്കാത്തതിനാല്‍ പണം നല്‍കേണ്ടിയും വരുന്നുണ്ട്. സാധനം വാങ്ങിയ ഉപഭോക്താവ് കടയില്‍ നിന്നു പോയ ശേഷമാകും പ്രിന്റ് ഔട്ട് ലഭിക്കുക. ഇത് ഉപഭോക്താക്കളുമായി വാക്കുതര്‍ക്കത്തിനും കാരണമാകുന്നുവെന്നും വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."