ഫണ്ട് അനുവദിക്കുന്നില്ല; ഉന്നത പഠന സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി
എടച്ചേരി: ഫണ്ട് ലഭ്യമാകാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷംതോറും ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി. വിവിധ കോളജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ലഭിക്കേണ്ട ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പാണ് മുടങ്ങിക്കിടക്കുന്നത്.
ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ ഈ തുക കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് മുടങ്ങിയത്. പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒന്നാംവര്‍ഷ ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്‌കോളര്‍ഷിപ്പ് സംഖ്യ ലഭിക്കാറുള്ളത്. ഒന്നും രണ്ടും വര്‍ഷത്തെ ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കടിസ്ഥാനത്തില്‍ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ബിരുദ പഠനത്തിന് മുന്‍പ് അപേക്ഷിച്ചവര്‍ ഓരോ വര്‍ഷവും അപേക്ഷ പുതുക്കേണ്ടതുമുണ്ട്. എന്നാല്‍ ഈ മാര്‍ച്ചില്‍ ബിരുദവും ബിരുദാനന്തരവുമായ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭിച്ചു കഴിഞ്ഞാലേ അവസാന വര്‍ഷത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ.
മാര്‍ച്ചില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയോടെ ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്ന കുട്ടികളുടെ കോഴ്‌സ് പൂര്‍ത്തിയാകുകയാണ്. പഠനം കഴിഞ്ഞ് പുറത്തു പോയാല്‍ പിന്നീട് സ്‌കോളര്‍ഷിപ്പ് പുതുക്കാനുളള അവസരവും നഷ്ടമാകുമെന്നത് കൊണ്ട് അര്‍ഹരായ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പി.ജി വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. ഇതില്‍ ആദ്യ വര്‍ഷം ലഭിക്കേണ്ട 40,00 രൂപയാണ് രണ്ടാം വര്‍ഷം അവസാനിക്കാറായിട്ടും ലഭിക്കാത്തത്.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.ഇ.സി സ്‌കോളര്‍ഷിപ്പിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാരില്‍ നിന്നും യഥാസമയം ഫണ്ട് ലഭിക്കാത്തതിനാലാണ് സ്‌കോളര്‍ഷിപ്പ് വൈകുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച കുറഞ്ഞ ഫണ്ടില്‍ നിന്നും ഒന്നാം വര്‍ഷക്കാരായ, പഴയ അപേക്ഷകരില്‍ കുറച്ച് പേര്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്.
അതേസമയം 2016-17 വര്‍ഷം ഇതുസംബന്ധിച്ച വിജ്ഞാപനം തന്നെ പുറപ്പെടുവിച്ചിട്ടില്ല. ഇതുകാരണം പുതുതായി അപേക്ഷിക്കുന്നവരും അപേക്ഷ പുതുക്കുന്നവരുമായ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസം നേരിടുകയാണ്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അടുത്ത മാസം ആദ്യം ഉദ്യോഗസ്ഥതല യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമേ പുതിയ വിജ്ഞാപനത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ബിരുദത്തിന് പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന 1000 പേര്‍ക്ക് മൂന്നുവര്‍ഷങ്ങളിലും പി.ജിക്ക് 600 പേര്‍ക്ക് വീതം രണ്ടുവര്‍ഷങ്ങളിലുമായാണ് ഈ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."