തിരുവല്ലയില്‍ ബാങ്ക് കൊള്ള; കവര്‍ന്നത് 27 ലക്ഷം രൂപ സി.സി.ടി.വി യൂനിറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയി
തിരുവല്ല: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കില്‍ ലോക്കര്‍ പൊളിച്ച് ഇരുപത്തിയേഴ് ലക്ഷം രൂപ കവര്‍ന്നു. ബാങ്കിന്റെ തുകലശേരി ശാഖയിലാണ് കവര്‍ച്ച നടന്നത്.
27, 27,613 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാവിലെ ജീവനക്കാര്‍ എത്തി ബാങ്ക് തുറന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. റദ്ദാക്കിയ 500 ന്റെയും 1000 ന്റെയും കറന്‍സികള്‍ ഉള്‍പ്പെട്ട 11 ലക്ഷം രൂപയും പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ അടക്കമുള്ള 16,27,613 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മറ്റ് ബാങ്കുകളിലേക്ക് വിതരണത്തിന് എത്തിച്ച പണമാണ് കവര്‍ന്നതെന്നാണ് വിവരം.
കുറഞ്ഞത് രണ്ടു പേരെങ്കിലും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലിസ് സംഘം. എം.സി. റോഡരികിലായി സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പുറകുവശത്തെ ജനാലയും അതിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയ നിലയിലാണ്.
ഇതുവഴിയാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരുന്നതിനാല്‍ കവര്‍ച്ച നടന്നത് എന്നാണെന്ന് കൃത്യമായി പറയാനാകില്ലെന്ന് പൊലിസ് പറഞ്ഞു.
ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ റൂമും ഉള്ളിലുണ്ടായിരുന്ന ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് തുറക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറന്നിട്ടില്ല. ബാങ്കിനുളളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സി.സി.ടി.വി കാമറാ യൂനിറ്റ് മുഴുവനായും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി.
തിരുവല്ല ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിന് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
24 ന് പുലര്‍ച്ചെ രണ്ടോടെ ബാങ്കിനു സമീപം രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടതായി ഇവിടെ ഒരു കരോള്‍ സംഘത്തിലുണ്ടായിരുന്നവര്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് ഈ ബാങ്കിന്റെ പുറകുവശത്തെ ജനാല പൊളിച്ച് മോഷണം നടത്തുന്നതിന് ശ്രമം നടന്നിരുന്നു. ബാങ്കിന്റെ പുറകുവശം സ്വകാര്യ വ്യക്തിയുടെ വാഴത്തോപ്പ് ആണെന്നതും മോഷ്ടാക്കള്‍ക്ക് മറവായതായി പൊലിസ് പറഞ്ഞു.
ബാങ്കിനു മുന്‍വശത്ത് നിര്‍മാണ പ്രവര്‍ത്തനത്തിനായി എം.സി. റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. അതിനാല്‍ ഇതുവഴി ജനസഞ്ചാരവും ഇല്ല. കൂടാതെ പണികള്‍ കാരണമുള്ള പൊടിശല്യം നിമിത്തം റോഡരികില്‍ വീടുകളുണ്ടെങ്കിലും ആരും ജനാലകളോ കതകുകളോ പകല്‍ പോലും തുറന്നിടാറില്ല. ഇതും മോഷ്ടാക്കള്‍ക്ക് സൗകര്യപ്രദമായെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."