സൂറത്തിലെ കള്ളപ്പണക്കാരന്‍ 700 അക്കൗണ്ടുകള്‍ വഴി പണം മാറിയെന്ന് സി.ബി.ഐ
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിഷോര്‍ ഭാജിയ വാല 700 അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി സി.ബി.ഐ. 2000 രൂപയുടെ നോട്ടുകളടക്കം 650 കോടിയുടെ സമ്പാദ്യമാണ് കിഷോറില്‍ നിന്ന് കണ്ടെത്തിയത്. 27 വ്യാജ അക്കൗണ്ടുകള്‍ ഇയാള്‍ക്കുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
20 അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായി നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. 1,45,50,800 കോടിയുടെ പുതിയ നോട്ടുകളും 1,48,88,133 രൂപയുടെ സ്വര്‍ണകട്ടികളും 4,92,96,314 രൂപയുടെ സ്വര്‍ണാഭരണങ്ങളും 1,39,34,580 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 77,81,800 രൂപയുടെ വെള്ളി ആഭരണങ്ങളും കിഷോറില്‍ നിന്ന് പിടിച്ചെടുത്തു. വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതോടെ 212 അക്കൗണ്ടുകളിലൂടെ ഇയാള്‍ക്കുവേണ്ടി പഴയ നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. സൂറത്തിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് സീനിയര്‍ മാനേജരുടെ സഹായത്തോടെയാണ് പണം മാറിയതെന്നാണ് ലഭ്യമായ വിവരം. ഏതൊക്കെ അക്കൗണ്ടുകളിലൂടെയാണ് പണം മാറിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ അറിയിച്ചു. ഇപ്പോള്‍ കണ്ടെത്തിയ 700 അക്കൗണ്ടുകള്‍ സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
സൂറത്തില്‍ ചായകച്ചവടം നടത്തിയിരുന്ന ഇയാള്‍ പെട്ടെന്നാണ് വന്‍പണമിടപാടുകാരനായി മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."