മംഗളൂരു വിമാന ദുരന്തം: ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഇനിയും അകലെ
മുത്തലിബ് ചൗക്കി
കുമ്പള: രാജ്യത്തെ ഒന്നടങ്കം നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്നേയ്ക്ക് ആറാണ്ട് തികഞ്ഞിട്ടും ദുരിതം തീരാതെ മരിച്ചവരുടെ ആശ്രിതര്‍ കോടതി കയറിയിറങ്ങുന്നു. പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചവരുടെ ആശ്രിതരില്‍ ചിലരെങ്കിലും നിയമ പോരാട്ടവുമായി മുന്നോട്ട് പോകുന്നത്.
158 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ അന്താരാഷ്ട്ര കരാര്‍ പ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനമുണ്ടായതെങ്കിലും വര്‍ഷം ആറ് കഴിഞ്ഞിട്ടും ഈ തുക അധികൃതര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന് കുമ്പള ആരിക്കാടി കടവത്ത്് സ്വദേശി അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ പത്ത് പേര്‍ ഇപ്പോഴും നിയമപോരാട്ടം തുടരുന്നു. വിമാന ദുരന്തത്തില്‍ ഷാര്‍ജയിലെ കടയില്‍ ജീവനക്കാരനായിരുന്ന അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് റാഫി (22) മരിച്ചിരുന്നു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഈ വിധിക്കെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി കോടതി ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ നിയമ പോരാട്ടം തുടങ്ങുന്നത്. നഷ്ടപരിഹാരമായി 75 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയുമാണ് അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ കുമാര്‍ പട്ടേല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നും പരാതിയുണ്ട്.
അതേസമയം എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ മുംബൈയിലെ മുല്ല ആന്റ് മുല്ല കമ്പനി മരിച്ചവര്‍ക്ക് ജോലി സ്ഥലത്ത് ലഭിച്ചിരുന്ന ശമ്പളവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ ചിലര്‍ ഈ തുക വാങ്ങിയെങ്കിലും അബ്ദുല്‍ സലാം ഉള്‍പ്പെടെ പത്ത് പേര്‍ ഈ തുക വാങ്ങാതെ നിയമ പോരാട്ടത്തിനൊരുങ്ങുകയായിരുന്നു.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു മകന്‍ മുഹമ്മദ് റാഫി എന്നാല്‍ വിധി ഈ കടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലിക്കെടുത്തുകയായിരുന്നു പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാന്‍ മരണംവരെ നിയമപോരാട്ടം തുടരുമെന്നാണ് അബ്ദുല്‍ സലാം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."