സമിതിനു മുന്നില്‍ വഴി മാറിയത് 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ജയ്പൂര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 117 വര്‍ഷം വിരാജിച്ച റെക്കോര്‍ഡ് കടപുഴക്കി ഗുജറാത്ത് ഓപണര്‍ സമിത് ഗോഹല്‍ ശ്രദ്ധേയനായി. ഓപണറായി ഇറങ്ങി പുറത്താകാതെ 359 റണ്‍സടിച്ച് ട്രിപ്പിള്‍ സെഞ്ച്വറി തികച്ച സമിതിന്റെ സ്‌കോര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓപണര്‍ സ്വന്തമാക്കുന്ന ഏറ്റവും വലിയ വ്യക്തിഗത ഇന്നിങ്‌സെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 1899ല്‍ ബോബി ആബേല്‍ നേടിയ 357 റണ്‍സിന്റെ റെക്കോര്‍ഡാണ് രണ്ടു റണ്‍ വ്യത്യാസത്തില്‍ സമിത് തിരുത്തിയത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സറെയ്ക്കായി കളത്തിലിറങ്ങിയ ബോബി സോമര്‍സെറ്റിനെതിരേയാണ് റെക്കോര്‍ഡിട്ട പ്രകടനം നടത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങി ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി സമിത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ്. 1929- 30 കാലത്ത് ന്യൂസൗത്ത് വെയ്ല്‍സിനായി 452 റണ്‍സ് നേടിയാണ് ബ്രാഡ്മാന്‍ റെക്കോര്‍ഡിട്ടത്. ക്വീന്‍സ്‌ലാന്‍ഡിനെതിരേയായിരുന്നു ഇതിഹാസ താരത്തിന്റെ പ്രകടനം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മിനുട്ടുകള്‍ ക്രീസില്‍ ചെലവഴിച്ച മൂന്നാമത്തെ താരമായി ഈ പ്രകടനത്തോടെ സമിത് മാറി. 964 മിനുട്ടുകളാണ് സമിത് ക്രീസില്‍ ചെലവിട്ടത്. 1999-2000 സീസണില്‍ ഹിമാചല്‍ പ്രദേശിന്റെ രാജീവ് നയ്യാര്‍ 1015 മിനുട്ടുകള്‍ ക്രീസില്‍ ചെലവാക്കിയതാണ് ഒന്നാം സ്ഥാനത്ത്. 1000 മിനുട്ടുകള്‍ കടന്ന ഏക പ്രകടനവും രാജീവിന്റേതാണ്. പാകിസ്താന്‍ താരം ഹനീഫ് മുഹമ്മദ് വെസ്റ്റിന്‍ഡീസിനെതിരേ 970 മിനുട്ടുകള്‍ ക്രീസില്‍ ചെലവാക്കി. രഞ്ജി ട്രോഫിയിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമെന്ന പെരുമയും ഗുജറാത്ത് താരത്തിന്റെ പേരിലായി. രഞ്ജിയിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ ഏക ക്വാഡ്രബിള്‍ നേടിയ ബി.ബി നിംബല്‍കറിന്റെ പേരിലാണ്.
1948-49 സീസണില്‍ മഹാരാഷ്ട്രക്കായി കതിയവാറിനെതിരേ നേടിയ 443 റണ്‍സാണ് ഏറ്റവും വലിയ വ്യക്തിഗത പ്രകടനം. സഞ്ജയ് മഞ്ചരേക്കറിന്റെ പേരിലാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍. 1990-91 സീസണില്‍ മഹാരാഷ്ട്രയ്ക്കായി 377 റണ്‍സ്. ഹൈദരാബാദിനായി 1993-94 സീസണില്‍ എം.വി ശ്രീധര്‍ നേടിയ 366 റണ്‍സാണ് മൂന്നാമത്. അതേസമയം സമിത് നേടിയ 359 റണ്‍സിനു നാലാം സ്ഥാനം അര്‍ഹിച്ച് മറ്റൊരു താരവുമുണ്ട്. സാക്ഷാല്‍ വിജയ് മര്‍ച്ചന്റാണ് പുറത്താകാതെ 359 റണ്‍സെടുത്ത മറ്റൊരു താരം. 1943-44 സീസണില്‍ ബോംബെ ടീമിനായാണ് വിജയ് ട്രിപ്പിളടിച്ചത്. നാലാം സ്ഥാനത്തെ റെക്കോര്‍ഡ് വിജയ് മര്‍ച്ചന്റുമായി സമിത് പങ്കിടും.
723 പന്തുകള്‍ നേരിട്ടാണ് സമിത് 359 റണ്‍സെടുത്തത്. ഫസ്റ്റ് ക്ലാസില്‍ ഒരു താരം നേരിടുന്ന പന്തുകളുടെ റെക്കോര്‍ഡില്‍ ആറാം സ്ഥാനവും രഞ്ജിയില്‍ മൂന്നാം സ്ഥാനവും ഈ പ്രകടനത്തിനായി. രഞ്ജിയിലെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. നേരത്തെ മഞ്ചരേക്കര്‍ നേടിയ 377 റണ്‍സാണ് ആദ്യത്തേത്. സെമിയിലായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ ട്രിപ്പിള്‍. രഞ്ജിയില്‍ രണ്ടാമിന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരവും ഇനി സമിതാണ്. വിജയ് ഹസാരെയും ചേതേശ്വര്‍ പൂജാരയുമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയ രണ്ടു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."