പടനിലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 45 പേര്‍ക്ക് പരുക്ക്
കൊടുവള്ളി: ദേശീയപാത 212ല്‍ പടനിലം കുമ്മങ്ങോടിനടുത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 45 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് 23നു മൈസൂരിലേക്കു വിനോദയാത്ര പോയ ആറ്റിങ്ങല്‍ ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മടക്കയാത്രയില്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ മുഴുവന്‍ യാത്രക്കാരും ഉറക്കത്തിലായിരുന്നു.
നാട്ടുകാരും കുന്ദമംഗലം, കൊടുവള്ളി പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ 18 ഓളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദര്‍ശ് (20), റിജിന്‍ (20), അഖില്‍ (20), രാഹുല്‍ (20), അമല്‍ (20), ഷിബിന (20), രഞ്ജിനി (20), വിഷ്ണു (20), സോനു (26), മുനീര്‍ (20), ജയലക്ഷ്മി (28), തുഷാര(21), ഗീതു (20), ഗോപിക (20), ബിജു കുമാര്‍ (37), അരുണ്‍ ചന്ദ്രന്‍ (22), സഞ്ജിത്ത് (20), റഫു (20), ശാമിലി (20) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും
അനിത (44), ഗ്രീഷ്മ(19), അരഭി ചന്ദ്രന്‍ (22), അഭിനവ് (7), രഹാന (35), ചിഞ്ചു (19), സുനിത (40), ധന്യ(20), സുനില്‍ രാജ് (35) രാഹുല്‍ (22), രശ്മി (35), ഫബിദ (4) എന്നിവരെ വെണ്ണക്കാട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും പേര്‍ക്കു നിസാര പരിക്കേറ്റു.
ബസിലുള്ളവരുടെ കൂട്ടക്കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
തുടര്‍ന്നു കൊടുവള്ളി, കുന്ദമംഗലം പൊലിസ്, നരിക്കുനി, മുക്കം ഫയര്‍ സര്‍വിസ് യൂനിറ്റുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനം നടത്തി. വളവുതിരിവുകള്‍ ഒന്നിച്ചുവരുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
റോഡിനു വീതി കുറഞ്ഞ ഇവിടെ ട്രാഫിക് സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."