അപകടക്കെണിയൊരുക്കിയ മരം മുറിച്ചുമാറ്റി
തൊട്ടില്‍പ്പാലം: വയനാട്ടിലേക്കുള്ള സംസ്ഥാനപാതയില്‍ അപകടക്കെണിയൊരുക്കിയിരുന്ന കൂറ്റന്‍ മരം ഇന്നലെ മുറിച്ചുമാറ്റി. ചുരം ഡിവിഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മുറിച്ചുമാറ്റല്‍ നടപടി രാത്രി എട്ടോടെയാണ് അവസാനിച്ചത്. മരംമുറിച്ചുമാറ്റുന്നതിനെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകള്‍ ഗതാഗത തടസം സൃഷ്ടിച്ചു. സംസ്ഥാനപാതയിലെ മൂന്നാംകൈ പാലത്തിന് സമീപത്തായിരുന്നു വര്‍ഷങ്ങള്‍ പഴക്കമുള്ള മരം വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായിരുന്നത്.
ഗതാഗത തിരക്കേറിയ റോഡിന്റെ അരികില്‍ പടര്‍ന്നു പന്തലിച്ചു നിന്ന വന്‍മരത്തിന്റെ വലിയൊരു ഭാഗം റോഡിലേക്ക് ചാഞ്ഞ നിലയിലായിരുന്നതിനാല്‍ വലിയവാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇവിടെനിന്നും വിട്ടുകടന്നിരുന്നത്. വയനാട്ടിലേക്ക് നിരന്തരം സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. കൂടാതെ നിരന്തര അപകടങ്ങള്‍ നിത്യകാഴ്ചയായിരുന്നു.
അപകടക്കെണിയൊരുക്കുന്ന മരം മുറിച്ചുമാറ്റണമെന്ന് ബന്ധപ്പെട്ടവരോട് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് അധികൃതര്‍ മുറിച്ചുമാറ്റാന്‍ ഒടുവില്‍ നടപടി സ്വീകരിച്ചത്. അതേസമയം വര്‍ഷങ്ങള്‍ തണലേകിയ മരംമുറിച്ചുമാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നാരോപിച്ച് പ്രകൃതിസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."