പട്ടികവര്‍ഗ ഉദ്യോഗാര്‍ഥിയെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കല്‍പ്പറ്റ: എംപ്ലോയ്‌മെന്റില്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിച്ചില്ലെന്ന് കാണിച്ച് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. തരിയോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പരേതനായ കുനിയിമ്മല്‍ ചാപ്പന്റെ മകള്‍ കെ സുമയാണ് തന്നെ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് യഥാവിധിയിലുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയില്ലെന്നും കാണിച്ച് മുഖ്യമന്ത്രി, പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍, പട്ടികവര്‍ഗ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള നിയമസഭാസമിതി, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ തിരുവനന്തപുരം, ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടറി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു, ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ട ജേര്‍ണലിസത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഏക ഉദ്യോഗാര്‍ഥിയുമാണ് താനെന്ന് സുമ പരാതിയില്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് താനെന്നും പരാതിയില്‍ പറയുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രണ്ടര വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു സുമ. ഇതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായെന്ന് സുമ പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴിയും വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫിസുകള്‍ മുഖേനയും നടത്തുന്ന കരാര്‍ താല്‍ക്കാലിക ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങളില്‍ വ്യാപകമായ തോതില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളെ ബോധപൂര്‍വം ഒഴിവാക്കുന്നതായും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് താനെന്നും സുമ പരാതിയില്‍ പറയുന്നുണ്ട്.
ഒരുമാസം മുമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വിവിധ കാലയളവിലായി രണ്ടര വര്‍ഷം ജോലി ചെയ്തിരുന്ന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ ചെന്ന തന്നോട് കരാര്‍ നിയമനം അവസാനിച്ച് 90 ദിവസം കഴിഞ്ഞതിനാല്‍ ഇവിടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സീനിയോറിറ്റി വേണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ കൈയ്യിലുണ്ടായിരുന്ന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും ഇവര്‍ പറഞ്ഞു. കേണപേക്ഷിച്ചിട്ടും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചെന്നും പരാതിയില്‍ പറയുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ വീണ്ടും നിശ്ചിത മാതൃകയിലുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷയൊടൊപ്പം നല്‍കിയിട്ടും ആ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും അകാരണമായി എനിക്ക് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിയമമനുസരിച്ചും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കുക എന്ന എന്റെ അവകാശം ഹനിച്ചതിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."