പടിഞ്ഞാറത്തറ പഞ്ചായത്ത്: ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത തെളിയുന്നു. പതിനാറാം വാര്‍ഡായ പന്തിപ്പൊയിലില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച നിലവില്‍ വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി ലീഗില്‍ ചേര്‍ന്നതാണ് എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണമാറ്റത്തിന് കളമൊരുക്കിയത്.
ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ആകെ 16 വാര്‍ഡുകളാണ് പഞ്ചയാത്തിലുള്ളത്. ഇതില്‍ ഏഴ് സീറ്റുകള്‍ യു.ഡി.എഫ് നേടിയെങ്കിലും രണ്ട് സ്വതന്ത്രരുടെ പിന്‍ബലത്തില്‍ എല്‍.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. 16ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച നസീമ പൊന്നാണ്ടിയും കാപ്പിക്കളം വാര്‍ഡില്‍ നിന്ന് വിജയിച്ച ശാന്തിനി ഷാജിയും എല്‍.ഡി.എഫിനൊപ്പം നിന്നതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം അവര്‍ക്ക് നേടാനായത്. മാന്തോട്ടം വാര്‍ഡില്‍ നിന്ന് ബി.ജെ.പിയും പഞ്ചായത്തിലെത്തിയെങ്കിലും സ്വതന്ത്രരെ കൂട്ടുപ്പിടിച്ച് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലീഗിനെതിരെ വിമതയായി മത്സരിച്ച നസീമയുടെ തീരുമാനം പഞ്ചായത്ത് ഭരണത്തില്‍ നിര്‍ണായകമായി. ഇതോടെ ലീഗിന്റെ ഉറച്ച വാര്‍ഡായ പന്തിപ്പൊയിലില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമതയായി മത്സരിച്ച് ജയിച്ച നസീമയെ തെരഞ്ഞെടുപ്പിന് മുന്‍പ്തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി എല്‍.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. എന്നാല്‍ ഭരണം ഒരുവര്‍ഷം പിന്നിട്ടപ്പോഴേക്കും നസീമയുടെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചു. ഇതോടെ നസീമ വീണ്ടും ലീഗിലേക്ക് ചേക്കേറി. കഴിഞ്ഞ യൂത്ത്‌ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിഥി സമ്മേളനത്തില്‍ പങ്കെടുത്തതോടെ യു.ഡി.എഫ് പഞ്ചായത്തില്‍ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പാണക്കാട് നടന്ന ചടങ്ങില്‍ നസീമ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചതോടെ പഞ്ചായത്തില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
ഇതോടെ പഞ്ചായത്തില്‍ വ്യക്തമായി ഭൂരിപക്ഷത്തില്‍ ഭരണം നടത്താന്‍ യു.ഡി.എഫിന് സാധിക്കും. എട്ട് സീറ്റുകളുള്ള യു.ഡി.എഫിനെതിരെ പിടിച്ച് നില്‍ക്കണമെങ്കില്‍ എല്‍.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ കൂടിയേ തീരൂ. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഇരു മുന്നണികളും ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവിശ്വാസം കൊണ്ടുവന്നാല്‍ നിലവിലെ ഭരണസമിതി പരാജയപ്പെടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രം.
പാണക്കാട് നടന്ന പരിപാടിയില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി കളത്തില്‍ മമ്മൂട്ടി, പൊന്നാണ്ടി അബ്ദുല്ല, കെ.കെ മമ്മൂട്ടി, പി പോക്കര്‍ ഹാജി, ഇ അലി മാസ്റ്റര്‍, എ.കെ മമ്മൂട്ടി, പൊന്നാണ്ടി റഷീദ്, ഉനൈസ് പി, പൊന്നാണ്ടി ആബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."