വളര്‍ത്താനകള്‍ ചരിഞ്ഞ സംഭവം: ആന വളര്‍ത്ത് കേന്ദ്രം താല്‍ക്കാലികമായി പൂട്ടി
ഗൂഡല്ലൂര്‍: തുടര്‍ച്ചയായി ആനകള്‍ ചരിഞ്ഞതോടെ തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഒരു മാസത്തിനിടെ രണ്ട് വളര്ത്താനകളാണ് ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞത്.
ആന സവാരിയും റദ്ദാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് മുതുമലയിലെത്തുന്നത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നിന്ന് കൊണ്ടുവന്ന നര്‍മദ (26), ഭാരതി (12) എന്നീ രണ്ട് വളര്ത്താനകളാണ് ചരിഞ്ഞത്.
തിരുവണ്ണാമലയില്‍ വ്യാപക കൃഷിനാശം വരുത്തിയതിനെ തുടര്‍ന്ന് മൂന്ന് ആനളെ മുതുമലയിലേക്ക് പ്രത്യേകം പരിശീലനം നല്‍കാനായി കൊണ്ടുവരികയായിരുന്നു. ഇതിലെ രണ്ട് ആനകളാണ് ഇപ്പോള്‍ ചരിഞ്ഞത്. അതേസമയം ഇന്നലെ ചരിഞ്ഞ ഭാരതിയുടെ മൃതദേഹം തമിഴ്നാട്ടിലെ നാമക്കല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ മെഡിക്കല്‍ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു.
വിദഗ്ദ ഡോക്ടര്‍മാരായ ബാലസുബ്രഹ്മണ്യന്, സുകുമാരന്‍, അനില്‍കുമാര്‍, മാധേശ്വരന്‍, ആന ക്യാംപിലെ ഡോക്ടര്‍ വിജയരാഘവന് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം ക്യാംപിലെ ആനകളെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ആനകള്‍ ഉപയോഗിക്കുന്ന മായാര്‍ പുഴയിലെ ജലവും പരിശോധിക്കുന്നുണ്ട്.
22 ആനകളാണ് ആന ക്യാംപിലുള്ളത്. വയറിളക്കത്തെ തുടര്‍ന്നാണ് ഭാരതി ചരിഞ്ഞതെന്ന നിഗമനത്തിലാണ് വനപാലക സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."