നെല്‍വയല്‍ സംരക്ഷണ നിയമം: 2008 ഓഗസ്റ്റിന് മുന്‍പു നികത്തിയ ഭൂമിയില്‍ നിര്‍മാണം നടത്താം
മലപ്പുറം: 2016ലെ നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ക്കു നിര്‍മാണാനുമതി ഒക്യുപന്‍സി നല്‍കുന്നതു സംബന്ധിച്ചു തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ പ്രകാരം 2008 ഓഗസ്റ്റ് 12നു മുന്‍പു നികത്തുകയോ നികത്തപ്പെടുകയോ ചെയ്യുകയും റവന്യൂ രേഖകളില്‍ നിലംവെറ്റ് ലാന്‍ഡ്, നഞ്ച, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണാനുമതി നല്‍കും. ഇത്തരം ഭൂമി ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പെടാന്‍ പാടില്ല. നിര്‍മാണാനുമതി നല്‍കുന്നതിനു മുന്‍പു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവരടങ്ങിയ ടീം സന്ദര്‍ശനം നടത്തി ഇവ 2008നു മുന്‍പു നികത്തപ്പെട്ടതാണെന്ന് ഉറപ്പുവരുത്തണം. 2008നു മുന്‍പു നിയമാനുസൃത നമ്പറുള്ള ഇത്തരം സ്വഭാവത്തോടുകൂടിയ സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കോ അനുബന്ധ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ നവീകരണം നടത്തുന്നതിനോ ഈ ഉത്തരവ് വഴി സാധ്യമാകും. ഇതുസംബന്ധിച്ച അപേക്ഷകള്‍ രണ്ടു മാസത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."