കാട്ടുപാതകളില്‍ കാവല്ക്കാരെ നിര്‍ത്താത്തത് വീഴ്ചയെന്ന് മാവോയിസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട്
കാളികാവ്: നിലമ്പൂര്‍ വനമേഖലയിലെ കരുളായി ഉള്‍വനത്തില്‍ പൊലിസ് വെടിവയ്പില്‍ രണ്ടു മാവോവാദികള്‍ മരിക്കാനിടയായ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ അന്വേഷണം ആരംഭിച്ചു. ഏതു തരത്തിലുള്ള പിഴവാണ് സംഭവിച്ചതെന്നതുള്പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഉള്‍ക്കാട്ടിലെ ക്യാംപിലേക്കുള്ള കാട്ടുപാതകളില്‍ കാവല്ക്കാരെ നിയോഗിക്കാത്തതു പ്രാധാന വീഴ്ചയായെന്നാണ് മാവോയിസ്റ്റ് അന്വേഷണ കമ്മിഷന്റെ പ്രഥമ വിലയിരുത്തല്‍. മാവോയിസ്റ്റ് നേതൃനിരയിലെ പ്രധാനിയും പൊളിറ്റ്ബ്യൂറോ അംഗവുമായ കുപ്പുസ്വാമി ദേവരാജിന്റെ മരണം സംഘടനയ്ക്കു കടുത്ത നഷ്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കുപ്പു ദേവരാജിന്റെ ഉള്‍വനത്തിലെ കൂടാരത്തിനു മുന്നില്‍ കാവല്ക്കാരനുണ്ടായിരുന്നു. എന്നാല്‍, പുറമേനിന്നുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനു ദൂരസ്ഥലങ്ങളിലും കാട്ടുപാതകളിലും കാവല്ക്കാരെ നിയോഗിച്ചിരുന്നില്ല.
രണ്ടു വര്‍ഷത്തിലേറെയായി നിലമ്പൂര്‍ വനമേഖലയില്‍ താവളമുറപ്പിച്ച മാവോയിസ്റ്റുകളുടെ അമിത ആത്മധൈര്യവും തിരിച്ചടിയായി കണ്ടെത്തിയിട്ടുണ്ട്. പൊലിസിന് ഒരുതരത്തിലും ക്യാംപ് സ്ഥിതിചെയ്യുന്ന കുന്നിന്ചെരുവില് എത്തിപ്പെടാനാകില്ലെന്നായിരുന്നു മാവോയിസ്റ്റുകളുടെ നിഗമനം. പൊലിസിന്റെ നീക്കം ആദിവാസികള്വഴി തിരിച്ചറിയാമെന്ന ധാരണയുമുണ്ടായി.
വനംവകുപ്പിനെ പോലും അറിയിക്കാതെ അതീവ രഹസ്യമാക്കി പൊലിസ് നടത്തിയ നീക്കം തിരിച്ചറിയാന്‍ മാവോയിസ്റ്റുകള്‍ക്കു കഴിഞ്ഞില്ല. ഒരുക്കങ്ങള്‍ നടത്തുന്നതിനു മുന്‍പുതന്നെ ക്യാംപിന് മുന്നിലെത്തിയ പൊലിസിനെ നേരിടാനുമായില്ല. ദൂരസ്ഥലങ്ങളിലും തന്ത്രപ്രധാനമായ കാട്ടുപാതകളിലും കാവല്ക്കാരെ നിര്‍ത്തിയിരുന്നെങ്കില്‍ പൊലിസിന്റെ നീക്കത്തെ ചെറുക്കാമായിരുന്നുവെന്നാണ് അന്വേഷണ കമ്മിഷന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."