ജനാധിപത്യ സംസ്‌കാരം തിരിച്ചു കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി സി. രവീന്ദ്രനാഥ്
പീരുമേട്: മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തിന് മങ്ങലേറ്റു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇതിനെ തിരിച്ചു കൊണ്ടുവരികയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.
പീരുമേട് നിയോജകമണ്ഡലം സമഗ്ര സംയോജിത വിദ്യാഭ്യാസ പരിപാടി ( സ്‌പൈസസ്) ഉദ്ഘാടനം ചെയ്ത് വണ്ടിപ്പെരിയാറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഇതിനായി വിദ്യാദ്യാസ സ്ഥാപനങ്ങള്‍ ജനകീയമാവണം.
പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള പ്രധാന ആശയം. സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയെ സംരക്ഷിച്ച് അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഗമം, വിദ്യാഭ്യാസ വികസന സമിതി എന്നീ മൂന്ന് സമിതികള്‍ സ്‌കൂളുകളില്‍ യാഥാര്‍ഥ്യമാക്കണം.
വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസമാണിപ്പോള്‍ നടപ്പിലാക്കുന്നത്. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവിലേക്ക് നയിക്കുന്നതെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ ( പ്ലാസ്റ്റിക് വിരുദ്ധ കാംപസ്) എല്ലാ സ്‌കൂളുകളിലും രൂപീകരിക്കണമെന്നും ജനവരി 27ന് സംസ്ഥാന തല ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലത്തിലെ 91 പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍, പാഠ്യ- പാഠ്യേതര നിലവാരം തുടങ്ങിയവ ബഹുമുഖമായ ഇടപ്പെടലുകളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സ്‌പൈസസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."