പാട്ടിലും വരയിലും ഹരിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു
ഏറ്റുമാനൂര്‍: പാട്ടും നോവലും വരച്ച് കാട്ടാമോ ? എങ്കില്‍ വരൂ ഏഴരപൊന്നാനയുടെ നാട്ടിലേക്ക്. മലയാളത്തിലെ പ്രശസ്തമായ 'ഹരിത'പാട്ടുകള്‍ കോര്‍ത്തിണക്കി കടപ്പാട്ടൂര്‍ മഠത്തില്‍ പാച്ചുനായര്‍ ട്രസ്റ്റാണ് 'പാട്ടും വരയും 'എന്ന പരിപാടിയിലൂടെ ഹരിതകേരളം പദ്ധതിക്ക് വേറിട്ട ഒരു തുടക്കം കുറിക്കുന്നത്.
ഗായകര്‍ പാടുന്ന മുറയ്ക്ക് ചിത്രകാരന്മാര്‍ വര്‍ണം ചാലിക്കുന്നു. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു ചിത്രരചനയില്‍ പങ്കെടുക്കാം. കേരളത്തെ മനോഹരമായി വര്‍ണിക്കുന്ന അരുന്ധതി റോയിയുടെ 'കുഞ്ഞുകാര്യങ്ങളുടെ ഉടയത്തമ്പുരാന്‍' എന്ന നോവലിന്റെ ചില അധ്യായങ്ങള്‍ താളാത്മകമായി വായിക്കും. അതുകേട്ടും കേരളത്തെ വരയ്ക്കണം.
നടനും ഗായകനുമായ അയ്മനം ബാബുരാജിന്റെ നേതൃത്വത്തിലാണ് 'പച്ച'യായ കേരളഭംഗി പാടിയറിയിക്കുന്ന പരിപാടിക്കു തുടക്കം കുറിക്കുന്നത്. അതോടൊപ്പം പരസ്യ അനൗണ്‍സ്‌മെന്റ് രംഗത്ത് കാല്‍ നൂറ്റാണ്ട് തികയ്ക്കുന്ന പ്രസാദ് കാണക്കാരിയുടെ നേതൃത്വത്തിലാണ് നോവല്‍ ശബ്ദരൂപത്തില്‍ പരിചയപ്പെടുത്തുന്നത്.
നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടത്തും. രജിസ്‌ട്രേഷന്‍ ഫീസില്ല. ചിത്രകാരന്മാര്‍ വരയ്ക്കാനുള്ള വാട്ടര്‍കളറുമായി എത്തണമെന്നു മാത്രം.
ആദ്യപരിപാടി 23 നു രണ്ടിന് ഏറ്റുമാനൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം നടക്കും. ഇതിനുശേഷം സമീപ പഞ്ചായത്തുകളിലും പൊതുവേദികളിലും ഇത് നടത്തും.
ഇതിനോടനുബന്ധിച്ച് തത്സമയ ചോദ്യോത്തര മത്സര പരിപാടികളും അരങ്ങേറും. മത്സരവിജയികള്‍ക്ക് അപ്പോള്‍ത്തന്നെ സമ്മാനവും നല്‍കും. സംഘാടക സമിതി കണ്‍വീനര്‍ ജി. ജഗദീശ്, പാച്ചുനായര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി രാജു, എന്‍.പി ഷിനാജ്, സലിം ടി.ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."