നാലു കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ എക്സൈസ് പിടിയില്‍
കുമളി: ടാറ്റാ സുമോ കാറില്‍ നാല് കിലോ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയില്‍. തമിഴ്നാട് കമ്പം വടക്ക്പെട്ടി സ്വദേശികളായ ബാലകൃഷ്ണന്(23), ശരവണന്(23), വണ്ടന്മേട് സ്വദേശികളായ വെയര്‍ഹൗസ് കോളനിയില്‍ താമസം സുരേഷ്(21), വെയര്‍ഹൗസ് കോളനിയില്‍ താമസം പ്രഭാകരന് എന്ന ശരത് (20) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മിഷണര്‍ സ്പെഷ്യല്‍ സ്ക്വാഡിലേയും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സ്ക്വാഡിലേയും ഉദ്യോഗസ്ഥര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി ഒന്നാം മൈലില്‍ വാഹനപരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടികൂടാനായത്.
കൊച്ചി മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മിഷണര്‍ സിയാദ് മുഹമ്മദ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. നെല്‍സണ്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കുമളിയില്‍വച്ച് എറണാകുളം സ്വദേശികള്‍ക്ക് വില്‍പ്പന നടത്തുവാനായി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്കി.
കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി മദ്ധ്യമേഖല ജോ. എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫിസില് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി എസ്, പ്രിവന്റീവ് ഓഫിസര്‍മാരായ സേവ്യര്‍ പി.ഡി, കൃഷ്ണകുമാര്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജോബി തോമസ്, അരവിന്ദ് വിഷ്ണു, സ്റ്റെല്ലി ഉമ്മന്‍, എക്സൈസ് കമ്മിഷണര്‍ സ്പെഷ്യല്‍ സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫിസര്‍ രാജ്കുമാര്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫിസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."