മുള്ളേരിയ ഗ്രാമീണ ബാങ്ക് ശാഖയില്‍ കവര്‍ച്ചാ ശ്രമം
മുള്ളേരിയ: കേരള ഗ്രാമീണ ബാങ്കിന്റെ മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണു സംഭവം. മുള്ളേരിയ ബദിയഡുക്ക റോഡില്‍ അരമനടുക്ക കോംപ്ലക്സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലാണു മോഷണശ്രമം നടന്നത്.
കെട്ടിടത്തിന്റെ പുറമെ നിന്നുള്ള കോണിപ്പടി വഴി മുകളില്‍ കയറി മുന്‍വശത്തെ സെക്യുരിറ്റി അലറാം തകര്‍ത്ത ശേഷം പിറക് വശത്തെ ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റിയാണു മോഷ്ടാക്കള്‍ അകത്തു കടന്നത്. സ്വര്‍ണവും പണവും സൂക്ഷിച്ച സ്ട്രോംഗ് റൂം കമ്പിപ്പാര ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കിനകത്തു സ്ഥാപിച്ച മറ്റൊരു അലറാം മുഴങ്ങുകയായിരുന്നു. ശബ്ദം കേട്ട കാവല്ക്കാരന് പരിസരവാസികളെയും കൂട്ടി ബാങ്കില്‍ എത്തുന്നതിനിടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
കവര്‍ച്ചയ്ക്കായി ഉപയോഗിച്ചെന്നു കരുതുന്ന രണ്ടു കമ്പിപ്പാരയും ഒരു ചാക്കുകെട്ടും ബാങ്കിനകത്തു നിന്നു കണ്ടെത്തി. ബാങ്കിനകത്തു സി.സി ടി.വി കാമറകള്‍ ഉണ്ടെങ്കിലും അതില്‍ ലഭിച്ച ദൃശ്യങ്ങള്‍ക്കു വ്യക്തതയുണ്ടായിരുന്നില്ല. വിവരമറിഞ്ഞു ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈ.എസ്.പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ എസ്.ഐ എ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ബാങ്കിലെത്തി പരിശോധന നടത്തി. ആദൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."