മാവോയിസ്റ്റ് സാന്നിധ്യം: പൊലിസ് പരിശോധന ശക്തമാക്കി
പരപ്പ: മാവോയിസ്റ്റുകളെന്നു സംശയിക്കുന്നവരെ കണ്ടതായി പറയപ്പെടുന്ന വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാച്ചിക്കരയിലും പരിസരങ്ങളിലും പൊലിസ് പരിശോധന ശക്തമാക്കി. വെള്ളരിക്കുണ്ട് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തുന്നത്. പൊലിസ് പ്രദേശവാസികളില്‍ നിന്നും മറ്റും മൊഴികള്‍ ശേഖരിച്ചു.
ഭീമനടി വനത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണു നാടന്‍ തോക്കുകളുമായി രണ്ടു പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നു നാട്ടുകാര്‍ പൊലിസിനെ അറിയിച്ചത്. അടുത്തു പൊലിസ് സ്റ്റേഷനോ ഫോറസ്റ്റ് ഓഫിസോ ഉണ്ടോയെന്നും ഇവര്‍ ചോദിച്ചത്രേ. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പൊലിസ് പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
നായാട്ടുകാരായിരിക്കാമെന്നാണു പൊലിസ് നിഗമനം. അതേസമയം മാവോയിസ്റ്റ് സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കോളനികള്‍ കേന്ദ്രീകരിച്ചു മാവോയിസ്റ്റ് പരിശീലനങ്ങള്‍ നടക്കുന്നതായി മുന്‍പും പരാതിയുണ്ടായിരുന്നു. പലപ്പോഴും പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇവരുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ സംഭവം നിസാരമായി കാണാന്‍ പൊലിസും തയാറല്ല. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."