മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പാക്കും
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് കാര്‍ഡ് രണ്ടു മാസത്തിനകം ഉറപ്പുവരുത്താന്‍ ജില്ലാതല കടലോര ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. കടലില്‍ പോകുന്ന എല്ലാ യാനങ്ങളും രജിസ്റ്റര്‍ ചെയ്യണം. യാനങ്ങളില്‍ കളര്‍ കോഡ് ഉറപ്പു വരുത്തണമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കടലോര ജാഗ്രതാ സമിതി യോഗങ്ങളില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥനും മത്സ്യഫെഡ് പ്രൊജക്ട് ഓഫിസറും പങ്കെടുക്കണം. തീരദേശ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ ശക്തമാക്കും.
അഴിത്തല, ഷിറിയ തീരദേശ പൊലിസ് സ്റ്റേഷനുകള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മറൈന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും ത്വരിതപ്പെടുത്തും. മത്സ്യത്തൊഴിലാളി മേഖലയില്‍ മദ്യവില്‍പന വ്യാപകമാണ്. ഇതു തടയാന്‍ നടപടി ശക്തമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി.
എഡി.എം കെ അംബുജാക്ഷന്‍, ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, തീരദേശ പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അസിനാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."