വര്‍ഷങ്ങളായി കിടത്തി ചികിത്സയില്ലാതെ അമ്പലപ്പാറ സാമൂഹ്യാരോഗ്യകേന്ദ്രം
മങ്കര: അമ്പലപ്പാറയിലെ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ നിലച്ചിട്ട് അഞ്ചുവര്‍ഷം പിന്നിട്ടതോടെ ആശുപത്രി കെട്ടിടങ്ങള്‍ ആളില്ലാതെയായി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ക്ക് ഉപകരിക്കുംവിധമുള്ള കെട്ടിട സമുച്ചയം ഇവിടെയുണ്ടെങ്കിലും പ്രയോജനമില്ലാതെ കിടക്കുകയാണ്. അമ്പലപ്പാറയ്ക്കു പുറമേ സമീപ പഞ്ചായത്തുകള്‍ക്കു കൂടി ആശ്രയമായ ഈ സാമൂഹ്യാരോഗ്യകേന്ദ്രം കൊണ്ട് ആര്‍ക്കും പ്രയോജനമില്ലാത്ത നിലയിലാണ്. ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കുറവാണ് പ്രധാന പ്രശ്‌നമായി നിലനില്ക്കുന്നത്. പുതിയതായി വന്ന പല പദ്ധതികളുടെയും പ്രയോജനം ജനങ്ങള്‍ക്ക് അന്യമാകുന്നതിന്റെ മുഖ്യകാരണവും ഇതാണ്. പ്രതിദിനം മുന്നൂറിനടുത്ത് രോഗികള്‍ ചികിത്സക്കായും ഇവിടേക്കെത്തുന്നുണ്ട്. ഇത്രയും രോഗികളെ ചികിത്സിക്കുന്നതിനു മൂന്നു ഡോക്ടര്‍മാരുടെ സേവനമാണ് ഉണ്ടായിരുന്നതെങ്കിലും ഇവര്‍ ഇവിടെയുള്ളതും ഇല്ലാത്തതും ഒരു പോലെയാണ്.
ഡോക്ടര്‍മാരുടെ കുറവുമൂലം ഇവിടെ കിടത്തി ചികിത്സ മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കുമായി പത്തുപേരെ കിടത്തി ചികിത്സിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. ഡോക്ടര്‍മാര്‍ക്ക് തങ്ങാനുള്ള സംവിധാനമുണ്ട്. ഇവിടെയെത്തുന്ന കിടത്തി ചികിത്സ ആവശ്യമുള്ള രോഗികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെയാണ്. നിലവിലുള്ള സംവിധാനം വച്ച് കിടത്തി ചികിത്സയെന്നത് ഇവിടെ ഇപ്പോള്‍ സാധ്യമല്ല. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നപക്ഷം ഇതു സാധ്യമാകും. ഇതുസംബന്ധിച്ച് എം.എല്‍.എ മുഖേന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്റ്റാഫ് നഴ്‌സുമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിക്കു മുഖ്യപ്രശ്‌നമാണ്. ആറ് സ്റ്റാഫ് നഴ്‌സ് തസ്തികയുള്ള ഇവിടെ നാലുപേരാണുള്ളത്. നഴ്‌സിങ് അസിസ്റ്റന്റുമാരും ക്ലിനിക്കിനും ഉള്‍പ്പെടെ ഏഴു തസ്തികകളുണ്ട്. ഇതിന് ഇപ്പേള്‍ മൂന്നുപേര്‍ മാത്രമാണുള്ളത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞു.
ഇതിപ്പോള്‍ നോക്കുകുത്തിയായി കിടക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. എട്ടു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനവും പരിമിതമാണ്. ചികിത്സ തേടുന്ന ആതുരാലയങ്ങളിലൊന്നായി ഇതുമാറിയിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."