കണ്‍സ്യൂമര്‍ ഫെഡ് മൊബൈല്‍ ത്രിവേണികള്‍ തൂക്കി വില്‍ക്കുന്നു
വടക്കാഞ്ചേരി: വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലൂടെ കണ്‍സ്യൂമര്‍ ഫെഡിനെ നയിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിക്കുകയും നടത്തിപ്പ് പരാജയത്തെ തുടര്‍ന്ന് കട്ടപ്പുറത്തേറുകയും ചെയ്ത മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ ഒടുവില്‍ തൂക്കി വില്‍ക്കുന്നു.
നൂറ്റി നാല്‍പ്പത് നിയോജക മണ്ഡലങ്ങളിലേക്കായി വാങ്ങിയ വാഹനങ്ങളില്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. തൃശൂര്‍ റീജിയണലിന് കീഴിലെ 14 വാഹനങ്ങളില്‍ പത്തെണ്ണവും ലേലത്തിന് വെച്ച് കഴിഞ്ഞു.
വടക്കാഞ്ചേരി, കുന്നുംകുളം, തൃശൂര്‍, കൈപറമ്പ് നിയോജക മണ്ഡലങ്ങളിലേ തൊഴിച്ച് ബാക്കിയുള്ള പത്ത് വാഹനങ്ങളും ലേലം ചെയ്ത് വിറ്റൊഴിക്കാനാണ് തീരുമാനം. 2009 മോഡലിലുള്ള ഐഷര്‍ ലോറികള്‍ക്ക് 4 ലക്ഷം രൂപയാണ് അടിസ്ഥാന വില. ലേല നടപടികള്‍ ഇന്നലെ രാവിലെ വടക്കാഞ്ചേരിയിലുള്ള തൃശൂര്‍ റീജ്യണല്‍ ഓഫിസില്‍ നടന്നു. ലേലം ചെയ്യാനെത്തിയവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തി.
ഉന്തിലും, തളളിലും പെട്ട് ചിലര്‍ അടിതെറ്റി വീണു. സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നടപടികള്‍ നിര്‍ത്തിവെച്ചു. അടുത്ത മാസത്തേക്ക് ലേലം മാറ്റിവെച്ചു. അതിനിടെ ലേല നടപടികള്‍ നീട്ടിവെച്ചതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. വാഹനങ്ങള്‍ ചുളുവിലക്ക് ഇഷ്ട ക്കാര്‍ക്ക് നല്‍കാനാണ് നീക്കമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."