കുത്തിവയ്പിന് വിധേയനായ ഏഴ് വയസുകാരന്റെ മരണം: പിതാവ് പരാതി നല്‍കി
വടക്കാഞ്ചേരി: മൂക്കില്‍ വന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാന്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ ഏഴ് വയസുകാരന്‍ കുത്തിവയ്പ് എടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് രംഗത്ത്.
തളിക്കുളം അരവശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാമാണ് തന്റെ മകന്‍ ഇസ മുഹമ്മദിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്‍കി. ചാവക്കാട് സ്വദേശിനിയായ വനിതാ ഡോക്ടറുടെ ചികിത്സ തേടിയാണ് കുട്ടിയെ തളിക്കുളത്ത് നിന്ന് വടക്കാഞ്ചേരിയിലെത്തിച്ചത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ രാത്രി 6 മണിയോടെയാണ് ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് കുത്തിവെയ്പ് എടുത്തത് ഉടന്‍ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലേക്ക് വഴിമാറുകയുമായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിക്കാനാവശ്യമായ ആന്റി കുത്തിവെയ്പ് എടുക്കാന്‍ വൈകിയതാണ് ആരോഗ്യ നിലവഷളാക്കിയതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലിസ് സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വടക്കാഞ്ചേരി എസ്.ഐ എ.നൗഫല്‍ അറിയിച്ചു. സെറീനയാണ് മരിച്ച ഇസ മുഹമ്മദിന്റെ മാതാവ്. സഹോദരി ഹഫ്‌ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."