മണിപ്പൂരില്‍ കലാപം നിയന്ത്രണാതീതം: മാധ്യമങ്ങള്‍ അച്ചടി നിര്‍ത്തുന്നു
ഇംഫാല്‍ : കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന സാമ്പത്തിക ഉപരോധത്തിനെതിരായ പ്രതിഷേധം മണിപ്പൂരില്‍ കലാപമായി പടരുന്നു. കലാപത്തെതുടര്‍ന്ന് സംസ്ഥാനത്തെ ജനജീവിതം നിശ്ചലമാക്കിയിരിക്കുകയാണ്. കലാപം നിയന്ത്രണാധീതമായി പടരുകയാണ്.
യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തി വരുന്ന സാമ്പത്തിക ഉപരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പട്ടാളത്തെ ഇറക്കിയിട്ടുണ്ടെങ്കിലും സ്ഥിതി ശാന്തമായിട്ടില്ല. മണിപ്പൂരിലേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇവയ്‌ക്കെല്ലാം തീവിലയാണ്. പെട്രോള്‍ ക്ഷാമം മൂലം വാഹനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കടകമ്പോളങ്ങള്‍ ഏതാനും സമയത്തേക്കുമാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തുടരുന്ന നാഗാ തീവ്രവാദഗ്രൂപ്പുകളുടെ ഉപരോധം എന്നത്തേക്ക് അവസാനിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു ധാരണയുമില്ല.
ഇതിനിടെ മണിപ്പൂരിലെ അച്ചടി മാധ്യമങ്ങള്‍ പുതുവര്‍ഷം മുതല്‍ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂസ് പ്രിന്റ് മുതല്‍ പത്രം അച്ചടിച്ച് വിതരണം നടത്താനുള്ള ഒരു സൗകര്യവും ഇപ്പോള്‍ മണിപ്പൂരില്‍ ഇല്ലെന്ന് മണിപ്പൂര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹികളും മാധ്യമ ഉടമകളും വ്യക്തമാക്കി. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് വാംഗമ്ചാ ഷാംജ, സെക്രട്ടറി ജിത് നിംഗൊംബ, വൈസ് പ്രസിഡന്റ് അസെംബക്ത, പ്രസ്‌ക്ലബ് സെക്രട്ടറി കെ.സരോജ്കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം ദല്‍ഹിയില്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങളുടെ ഗൗരവം വിശദീകരിച്ചു.
നാഗാകൗണ്‍സില്‍ യൂണിയന്‍ നടത്തുന്ന ഉപരോധം പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പുനല്‍കി. അതേസമയം നാഗാകുന്നുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഉപരോധത്തെ മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്ടെന്ന് കഴിയില്ലെന്നാണ് മണിപ്പൂരികളുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."